ഇടുക്കി: മൂന്നാര്‍ ​ഗവൺമെന്റ് ആര്‍ട്‌സ് കോളേജില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളും പഠനോപകരണങ്ങളും കാടുകയറി നശിക്കുന്നു. പ്രളയത്തില്‍ കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണ്ണമായി നശിച്ചെങ്കിലും വിലപിടിപ്പുള്ള മറ്റ് ഉപകരണങ്ങള്‍ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിരുന്നില്ല. അധിക്യതര്‍ കെട്ടിടം ഉപേക്ഷിച്ചതോടെ വിലപിടിപ്പുള്ള കംപ്യൂട്ടറടക്കമുള്ളവ സാമൂഹ്യവിരുദ്ധര്‍ മോഷ്ടിക്കുകയാണ്.

2018ലെ മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലാണ് മൂന്നാര്‍ ആര്‍ട്‌സ് കോളേജിന്റെ രണ്ട് കെട്ടിടങ്ങള്‍ ഒലിച്ചുപോയത്. ശേഷിച്ച മൂന്ന് കെട്ടിടങ്ങളില്‍ ഒന്നിന് നേരിയ കേടുപാടുകള്‍ മാത്രമേ സംഭിച്ചുള്ളു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ കരുതി അധിക്യതര്‍ കോളേജിന്റെ പ്രവര്‍ത്തനം മൂന്നാര്‍ എഞ്ചിനിയറിംങ് കോളേജ് കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. മൂന്നാര്‍-ദേവികുളം റോഡിലെ ബോട്ടാനിക്ക് ഗാര്‍ഡന് മുകളിലുള്ള കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങളും ഭൂമിയും പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും ചെയ്തു.

കെട്ടിടം ഉപേക്ഷിച്ചെങ്കിലും വിലപിടിപ്പുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളും നിരവധി കംപ്യൂട്ടറുകളും ഇപ്പോഴും ഇവിടെ കെട്ടികിടന്ന് നശിക്കുകയാണ്. കേടുപാടുകള്‍ സംഭവിക്കാത്ത ബെഞ്ച്, ഡെസ്ക്, ഓഫീസ് ചെയറുകള്‍, ഇന്‍വെറ്റര്‍, ബാറ്ററി, പുസ്തകങ്ങള്‍ തുടങ്ങിയവയും കെട്ടിടത്തിനകത്തുണ്ട്. വിദ്യാഭ്യാസ വകുപ്പ് കോളേജ് കെട്ടിടം പൂര്‍ണ്ണമായി ഉപേക്ഷിച്ചതോടെ രാത്രികാലങ്ങളിലെത്തുന്ന സാമൂഹ്യവിരുദ്ധര്‍ പൂട്ടുകള്‍ പൊട്ടിച്ച് കംപ്യൂട്ടറടക്കമുള്ളവ മോഷ്ടിക്കുകയാണ്. കാടുകയറിയികിടക്കുന്ന കെട്ടിടത്തിലെ സാധനങ്ങള്‍ മാറ്റുന്നതിന് അധിക്യതര്‍ ശ്രമിച്ചില്ലെങ്കില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഇലക്ട്രോണിക്ക് ഉപകരങ്ങളുള്‍പ്പെടെ നഷ്ടപ്പെടും.