പാലുമായി തിരിച്ച് വരുമ്പോള്‍ ഇടക്കടവ് പാലത്തിന് സമീപത്തുള്ള വഴിയരികില്‍ നിന്നും റോഡിലേക്ക് കയറിയ ആന ഓട്ടോറിക്ഷ കുത്തിമറിക്കുകയായിരുന്നു. 

ഇടുക്കി: പാലുമായി വന്ന ഓട്ടോ കാട്ടാന കുത്തിമറിച്ചു. ഇടക്കടവ് പാലത്തിന് സമീപമാണ് സംഭവം നടന്നത്. ക്ഷീര സംഘത്തിലേക്ക് ആവശ്യമായ പാല്‍ എടുക്കാന്‍ പുലര്‍ച്ചെ 5.30 ന് പോയ ഓട്ടോയ്ക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോയിലുണ്ടായിരുന്നുവരുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

പാലുമായി തിരിച്ച് വരുമ്പോള്‍ ഇടക്കടവ് പാലത്തിന് സമീപത്തുള്ള വഴിയരികില്‍ നിന്നും റോഡിലേക്ക് കയറിയ ആന ഓട്ടോറിക്ഷ കുത്തിമറിക്കുകയായിരുന്നു. ഓട്ടോറിക്ഷ കുത്തിമറിച്ചെങ്കിലും ആന ആക്രമണത്തിന് മുതിരാഞ്ഞാതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവര്‍ കോവില്‍ക്കടവ് സ്വദേശി ഇബ്രാഹിം അഞ്ചുനാട് കോമണ്‍ വെല്‍ഫെയര്‍ സൊസൈറ്റി ജീവനക്കാരി മായ രാജന്‍ (50) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാട്ടാനയുടെ ചിഹ്നം വിളിയും ഓട്ടോയിലുണ്ടായിരുന്നവരുടെ നിലവിളിയും കേട്ടതോടെ സമീപവാസികളെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കി ഇരുവരെയും വിട്ടയച്ചു. ഇടക്കടവ് വെട്ടുകാട് ഭാഗങ്ങളില്‍ കാട്ടാനയുടെ ആക്രമണം രൂക്ഷമാണ്. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ഇറങ്ങുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ നിരന്തര ആവശ്യം.