ഇടുക്കി: മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗിനിടെ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി കുട്ടിക്കുറുമ്പന്റെ നീരാട്ട്. കരിവീരന്മാരുടെ കാവലിലാണ് കുട്ടിയാന അമ്മയ്‌ക്കൊപ്പം ജലാശയത്തില്‍ നീന്തിക്കുള്ളിച്ചത്. കഴിഞ്ഞദിവസം കാഴ്ചയുടെ വിരുന്നൊരുക്കി കുട്ടികുറുമ്പന്റെ കുളി ഏറെ ആസ്വാദ്യകരമായിരുന്നു. കരയില്‍ നാല് ആനകള്‍ കാവല്‍ നില്‍ക്കെയാണ് ആനക്കുട്ടി അമ്മയ്‌ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയത്.

കുട്ടിയാന ആഴമേറിയ ഇടത്തേക്ക് പോകാതെ തടസ്സം അമ്മയാന നോക്കി നിന്നു. തുമ്പിക്കൈക്കൊണ്ടടിച്ചും വെള്ളത്തില്‍ നീന്തിയും കുട്ടികുറുമ്പന്റെ  പള്ളിനീരാട്ട് ഏറെനേരം നീണ്ടു. ആസ്വാദ്യകരമായ ആന കാഴ്ച കാണാന്‍ നിരവധി ആളുകളും എത്തി. വിനോദസഞ്ചാര മേഖല തുറന്നതോടെ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികള്‍ ഏറ്റവുമധികം എത്തുന്നത് മാട്ടുപെട്ടിയിലേക്കാണ്. വന്യതയും വന്യമൃഗങ്ങളെയും കണ്ടു ജലയാത്ര നടത്താം എന്നതാണ് ഇവിടുത്തെ പ്രത്യേകത.