ആനയെ കാട്ടിലേക്ക് തന്നെ തിരിച്ചയച്ചു. ശബ്ദം കേട്ടെത്തിയ വനപാലകരാണ് കാട്ടാനയെ കുളത്തിൽ വീണ നിലയിൽ കണ്ടത്. ഡെപ്യൂട്ടി റേഞ്ചര്‍ ജയപ്രസാദിന്‍റെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ആനക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനപാലകർ അറിയിച്ചു.

വയനാട്: വയനാട് ബ്രഹ്മഗിരി എസ്റ്റേറ്റിലെ കുളത്തിൽ വീണ പിടിയാനയെ (Elephant) രക്ഷിച്ചു. വനം വകുപ്പ് കുളത്തിൽ നിന്ന് ചാലുകീറിയാണ് ഒരു മണിക്കുറിനുള്ളിൽ ആനയെ രക്ഷിച്ചത്. ആനയെ കാട്ടിലേക്ക് തന്നെ തിരിച്ചയച്ചു. ശബ്ദം കേട്ടെത്തിയ വനപാലകരാണ് കാട്ടാനയെ കുളത്തിൽ വീണ നിലയിൽ കണ്ടത്. ഡെപ്യൂട്ടി റേഞ്ചര്‍ ജയപ്രസാദിന്‍റെ നേത്യത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ആനക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനപാലകർ അറിയിച്ചു.

വനത്തോട് ചേർന്നുള്ളതാണ് ബ്രഹ്മഗിരി എസ്റേറ്റ്. ഇവിടെ സ്ഥിരമായി ആന ശല്യമുള്ള മേഖലയാണ്. അതേസമയം, ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തെ കുറിച്ച് പ്രശസ്ത ആന ഗവേഷകന്‍ ഡോ. സുരേന്ദ്ര വര്‍മ്മയുടെ നേതൃത്വത്തില്‍ പഠനം നടത്തും. കാട്ടാന ജനവാസ മേഖലയില്‍ സ്ഥിരമായി ഇറങ്ങുന്നതിന്‍റെ സാഹചര്യവും ഒപ്പം റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനകളെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.

പ്രദേശത്തെ കാട്ടനകളെ കുറിച്ച് കണ്ടെത്തുന്ന കാര്യങ്ങള്‍ പ്രദേശവാസികളുമായി പങ്കുവയ്ക്കുന്നതിനുമാണ് തീരുമാനം. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ കാട്ടാന ശല്യം അതിരൂക്ഷമാണ്. നിരവധി ആളുകളുടെ ജീവന്‍ കാട്ടാനക്കലിയില്‍ പൊലിയുകയും ചെയ്തതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം തേടുന്നതിന് വനംവകുപ്പ് നടപടി ആരംഭിച്ചത്.

ഇതിന്‍റെ ഭാഗമായിട്ടാണ് ഡിഎഫ്ഒ രാജു ഫ്രാന്‍സീസിന്‍റെ നിര്‍ദേശ പ്രകാരം പ്രശസ്ത ആന ഗവേഷഷകന്‍ ഡോ. സുരേന്ദ്രവര്‍മ്മ ഇടുക്കിയിലെത്തിയത്. പ്രദേശത്ത് കാട്ടാകള്‍ തമ്പടിക്കുന്നതിന്‍റെ കാരണം കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. എന്നാല്‍ കാട്ടില്‍ തീറ്റയില്ലാത്തതിനാലാണ് കാട്ടാനകള്‍ കാടിറങ്ങുന്നതെന്ന് പറയാനാകില്ലെന്നും ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തേടിയാകും കാട്ടാനകള്‍ എത്തുന്നതെന്നും സുരേന്ദ്ര വര്‍മ്മ വ്യക്തമാക്കി.

ബംഗ്ലാദേശില്‍ നടത്തിയ പഠനത്തില്‍ നിന്നും ഇത് വ്യക്തമായതാണ്. അത് തന്നെയാകാം ചിന്നക്കനാലിലേയും സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കനാലിലെ ആനകളെ കുറിച്ച് വ്യക്തമായ പഠനം നടത്തും. പഠനത്തില്‍ കണ്ടെത്തുന്ന കാര്യങ്ങളും നടപ്പിലാക്കേണ്ട പദ്ധതികളും സംബന്ധിച്ച് ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനുമാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പിന്‍റെ ശ്രമം. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാവും പ്രശനപരിഹാരമെന്ന് അധികൃതര്‍ വ്യക്തമാക്കി.