പാലക്കാട്: പാലക്കാട് മലമ്പുഴ ഉദ്യാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന. ഉദ്യാനത്തിലെ മതിൽ തകർത്ത് അകത്ത് പ്രവേശിച്ച കാട്ടാന രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. 

പുലർച്ചെ അഞ്ചരയോടെയാണ് മലമ്പുഴ ഉദ്യാനത്തിൽ കാട്ടാനയിറങ്ങിയത്. മതിലും കമ്പിവേലിയും തകർത്ത് അകത്ത് പ്രവേശിച്ച ആന കുട്ടികളുടെ പാർക്കിലാണ് ആദ്യം കടന്ന് ചെന്നത്. പിന്നീട് ഉദ്യാനത്തിന് അകത്ത് കറങ്ങി നടന്ന ആന പിന്നീട് കാടുകയറി. എന്നാൽ വൈകാതെ തന്നെ വീണ്ടും കാടിറങ്ങി തിരികെ വന്നു. രണ്ടാം വരവിൽ നടപ്പാതയിലെ കൈവരി ഉൾപ്പെടെ തകർത്തു. പ്രഭാത സവാരിക്കാര്‍ നടക്കാനിറങ്ങുന്ന സമയത്താണ് കാട്ടാനയുടെ പരാക്രമം.

ആനയുടെ മുൻപിൽ പെട്ട വ്യക്തി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രണ്ട് മണിക്കൂറോളം റോഡിലും ഉദ്യാനത്തിലും ചിന്നംവിളിച്ച് ആന ചുറ്റികറങ്ങി. നേരം പുലർന്നതോടെ അഗ്രികൾച്ചറൽ ഫാമിനകത്ത് കയറിയത് വനപാലകാരെയും വട്ടം കറക്കി. പിന്നീട് രാവിലെ എട്ട് മണിയോടെ ആന വീണ്ടും കാട് കയറി. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉദ്യാനത്തിൽ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ  നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ആന വീണ്ടും വരാൻ സാധ്യയുള്ളതിനാൽ ഉദ്യാനത്തിൽ കൂടുതൽ വനപാലകരെ വിന്യസിച്ചു.