Asianet News MalayalamAsianet News Malayalam

വീണ്ടും ലിഫ്റ്റിൽ കുടുങ്ങി ജീവനക്കാരും രോ​ഗികളും; തീവ്രശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി; സംഭവം വര്‍ക്കലയില്‍

ഒടുവിൽ ലിഫ്റ്റിന്റെ ഡോർ വലിച്ചിളക്കിയാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. 
 

Employees and patients stuck in the lift again The incident happened in Varkala taluk hospital
Author
First Published Aug 5, 2024, 1:18 PM IST | Last Updated Aug 5, 2024, 1:24 PM IST

തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ ജീവനക്കാരെയും രോ​ഗികളെയും രക്ഷപ്പെടുത്തി. വർക്കല താലൂക്ക് ആശുപത്രിയിൽ ഈ സമീപകാലത്ത് ഉദ്ഘാടനം നടത്തിയ പുതിയ കെട്ടിടത്തിലെ ലിഫ്റ്റിലാണ് ഓവർലോഡ് കാരണം തകരാർ സംഭവിച്ച് ജീവനക്കാരും രോഗികളും കുടുങ്ങിയത്. അരമണിക്കൂറിലേറെ സമയം ഇവർ ലിഫ്റ്റിനകത്ത് കുടുങ്ങി. ഒടുവിൽ ലിഫ്റ്റിന്റെ ഡോർ വലിച്ചിളക്കിയാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. 

കഴിഞ്ഞ മാസം തിരുവനന്തപുരം മെഡിക്കൽ കോളേജിലും സമാനമായ സംഭവമുണ്ടായിരുന്നു. അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ തിരുമല സ്വദേശി രവീന്ദ്രനാണ് രണ്ട് ദിവസം ലിഫ്റ്റിൽ കുടുങ്ങിയത്. മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയതാിയിരുന്നു തിരുമല സ്വദേശിയും നിയമസഭയിലെ താൽക്കാലിക ജീവനക്കാരനുമായ രവീന്ദ്രൻ. ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാൻ പോകുന്നതിനിടയിലാണ് 11 ആം നമ്പർ ലിഫ്റ്റിൽ കുടുങ്ങിയത്. ലിഫ്റ്റ് പൊടുന്നനെ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫോൺ നിലത്ത് വീണ് തകരാറിലുമായി. അതിനാല്‍ മറ്റാരെയും വിളിക്കാന്‍ രവീന്ദ്രന് സാധിച്ചില്ല. അടിയന്തര സാഹചര്യത്തിൽ വിളിക്കാനുള്ള എല്ലാ ഫോണുകളിലും വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.

ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ലിഫ്റ്റ് ഉളളിൽ നിന്നും തുറക്കാൻ കഴിയാതാകുകയായിരുന്നു. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാറം മുഴക്കുകയും തുടര്‍ന്ന് ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇരുവരെയും പുറത്തേക്ക് എത്തിക്കുകയായിരുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios