25 ഹൈഡ്രോളിക് ജാക്കുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് 12 മീറ്റർ വീതിയും 14 മീറ്റർ ഉയരവുമുള്ള കുരിശടി ഉയർത്തി മാറ്റി. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചാണ് ഈ നിർമ്മിതി പണിതിരിക്കുന്നത്.

കൊച്ചി: തേവര കോന്തുരുത്തി കടവിലെ 203 വർഷം പഴക്കമുള്ള കുരിശടി സംരക്ഷിക്കാനായി നാട്ടുകാർ ഒരുമിച്ചതോടെ, റെയിൽപാത ഇരട്ടിപ്പിക്കൽ പ്രവർത്തനങ്ങൾക്കിടയിലും കുരിശടി പൊളിക്കാതെ മാറ്റി സ്ഥാപിക്കാൻ തീരുമാനമായി. തുടർന്ന് കുരിശടി സൂക്ഷ്മമായി പൊക്കിയെടുത്ത് 26 മീറ്റർ മാറി അതേ രൂപത്തിൽ തന്നെ പുനസ്ഥാപിക്കുകയും അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തു. പാലം വന്നതിനു ശേഷം കടവിലൂടെ ട്രെയിൻ ഗതാഗതം തുടങ്ങിയപ്പോൾ, പോർച്ചുഗീസ് ശൈലിയിൽ നിർമ്മിച്ച ഈ കുരിശടി നിലനിന്നിരുന്ന ഭാഗം ഒഴിവാക്കി പാളം കടന്നുപോയിരുന്നു. കുരിശടിയിൽ സെന്റ് ആന്റണിയുടെ പ്രതിമയായിരുന്നു സ്ഥാപിച്ചിരുന്നത്. ഇതിനിടെയാണ് എറണാകുളം - ആലപ്പുഴ റൂട്ടിൽ റെയിൽപാത ഇരട്ടിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. കുരിശടി മാറ്റി സ്ഥാപിക്കുന്ന ചുമതല ഹരിയാനയിലെ കുരുക്ഷേത്ര ആസ്ഥാനമായ ശ്രീറാം ബിൽഡിങ് ലിഫ്റ്റിങ് കമ്പനിക്കാണ് ലഭിച്ചത്. 25 ഹൈഡ്രോളിക് ജാക്കുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് 12 മീറ്റർ വീതിയും 14 മീറ്റർ ഉയരവുമുള്ള കുരിശടി ഉയർത്തി മാറ്റി. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചാണ് ഈ നിർമ്മിതി പണിതിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

റെയിൽവേ സർവേ സമയത്തുതന്നെ കുരിശടി നിൽക്കുന്ന സ്ഥലത്തിലൂടെയാണ് പാളം കടന്നു പോകേണ്ടതെന്ന് വ്യക്തമായിരുന്നു. ആദ്യം പുതിയ കുരിശടി പണിയാനായിരുന്നു തീരുമാനം. എന്നാൽ പഴയ കുരിശടി നിലനിർത്തണമെന്ന നാട്ടുകാരുടെ ആവശ്യം ഉയർന്നതോടെ പാരിഷ് കൗൺസിൽ ഇടപെട്ടതായി വികാരി ഫാ. ജോസഫ് തെക്കിനേൻ വ്യക്തമാക്കി.അസി. വികാരി ഫാ. സെബിൻ പാലത്തിങ്കൽ, കൗൺസിൽ അംഗങ്ങളായ ജോജി തോമസ് കാനാട്ട്, എം.സി. ആന്റണി മുക്കുങ്കൽ എന്നിവർക്ക് ഇതിന്റെ ചുമതല നൽകി. റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, സ്ഥലം വിട്ടുകൊടുക്കുന്നതിനായി 1.10 ലക്ഷം രൂപ നൽകാൻ തീരുമാനമായി.

പൊളിച്ചുനീക്കുന്നതിനുള്ള ക്വട്ടേഷൻ നടപടികളിൽ പാരിഷ് കൗൺസിൽ പങ്കെടുത്തു. തുടർന്ന് 8,000 രൂപ ചെലവിൽ രേഖാപ്രക്രിയകൾ പൂർത്തിയാക്കി കുരിശടി തിരികെ സ്വന്തമാക്കി. പൊളിക്കൽ ഒഴിവാക്കി അതേപടി മാറ്റിസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.ഇതിനായി ഒന്നര സെന്റ് ഭൂമി 9 ലക്ഷം രൂപയ്ക്ക് വാങ്ങി. കുരിശടി മാറ്റി സ്ഥാപിക്കുന്നതിനായി ശ്രീറാം ബിൽഡിങ് ലിഫ്റ്റിങ് കമ്പനിക്ക് 4.50 ലക്ഷം രൂപ നൽകേണ്ടതുണ്ട്.ഈ പുരാതന കുരിശടിയിൽ എട്ട് വിശുദ്ധർക്കുള്ള സ്ഥാനങ്ങളുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം വെഞ്ചരിപ്പ് നടത്തുമ്പോൾ സെന്റ് ആന്റണിയുൾപ്പെടെ എട്ട് വിശുദ്ധരുടെ പ്രതിമകൾ സ്ഥാപിക്കുമെന്ന് പാരിഷ് കൗൺസിൽ അംഗങ്ങൾ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം