ബ്രഹ്മപുരം മാലിന്യപ്ലാന്‍റ്  നിറഞ്ഞ് കവിഞ്ഞതോടെ എറണാകുളം ജില്ലയിലെ മാലിന്യ നീക്കം സ്തംഭനാവസ്ഥയിൽ. റോഡരികിലും,പൊതുഇടങ്ങളിലുമെല്ലാം പ്രളയാന്തരമുള്ള ടൺ കണക്കിന് മാലിന്യം കുമിഞ്ഞ് കൂടി രോഗഭീതിയിലാണ് ദുരന്തബാധിതർ.

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് നിറഞ്ഞ് കവിഞ്ഞതോടെ എറണാകുളം ജില്ലയിലെ മാലിന്യ നീക്കം സ്തംഭനാവസ്ഥയിൽ. റോഡരികിലും,പൊതുഇടങ്ങളിലുമെല്ലാം പ്രളയാന്തരമുള്ള ടൺ കണക്കിന് മാലിന്യം കുമിഞ്ഞ് കൂടി രോഗഭീതിയിലാണ് ദുരന്തബാധിതർ.

പ്രളയമൊഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടു, ശുചീകരണം പൂർത്തിയാക്കി ഒരാഴ്ചയും, പക്ഷേ എറണാകുളം ജില്ലയിലെ ഏലൂരും, മൂത്തുകുന്നത്തെയുമൊക്കെ കാഴ്ചകൾക്ക് ഒരു മാറ്റവുമില്ല. വഴി നീളെ മാലിന്യം, വീട്ടുമുറത്തും, പൊതുവഴിയിലും,തോടുകളിലും എന്തിന് ദേശീയപാതയോരത്ത് വരെ. മാലിന്യം ഇനി ബ്രഹ്മപുരത്തേക്ക് അയക്കേണ്ടെന്നാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ലഭിച്ച അറിയിപ്പ്.

മാലിന്യം ശാസ്ത്രീയമായി കുഴിച്ചിടുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിൽ നിന്ന് കിട്ടുന്ന വിവരം. അമ്പലമുകളിലുള്ള സ്വകാര്യകമ്പനിയുമായി ചർച്ചകൾ നടന്ന് വരികയാണ്. എന്നാൽ ദിവസങ്ങൾ കഴിയും തോറും ദുരിതമേഖലകളിൽ എലിപ്പനി ഭീതി കൂടി വരികയാണ്.