പൊലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പ് തുടരുന്നത് അലനെ ഭീതിയിലാഴ്ത്തുന്നു, കാരണം ഇതേ നമ്പർ ഉപയോഗിച്ച് വലിയ കുറ്റകൃത്യങ്ങൾ നടന്നാൽ താൻ കുടുങ്ങുമോ എന്ന് ഈ യുവാവ് ഭയപ്പെടുന്നു.

കൊച്ചി: തന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് വ്യാജന്മാർ നടത്തുന്ന തട്ടിപ്പിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് എറണാകുള മുണ്ടംവേലി സ്വദേശിയായ അലൻ. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചാണ് അലന്റെ കാറിന്റെ നമ്പർ ഉപയോഗിച്ച് തട്ടിപ്പുകാർ വിലസുന്നത്. ഏപ്രിൽ മൂന്നിനാണ് അലനെ തേടി മലപ്പുറത്തെ ഒരു പെട്രോൾ പമ്പിൽ നിന്നും ആദ്യത്തെ വിളി വരുന്നത്. അലന്റെ കാറിന്റെ നമ്പറുള്ള വണ്ടി പമ്പിലെത്തി ഇന്ധനം അടിച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞു എന്നായിരുന്നു പരാതി.

വിളി വരുമ്പോൾ അലന്റെ കാർ വീട്ടിലുണ്ടായിരുന്നു. തന്റെ നമ്പർ പ്ലേറ്റ് വ്യാജമായി നിർമ്മിച്ച് മറ്റൊരു വണ്ടിയിൽ ഘടിപ്പിച്ചാണ് തട്ടിപ്പുകാർ കറങ്ങുന്നതെന്ന് ഇതോടെ വ്യക്തമായി. പൊലീസിനും ആർടിഒയ്ക്കും പരാതി നൽകി നടപടിക്കായി കാത്തിരിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വീണ്ടും മലപ്പുറത്തെ മറ്റൊരു പമ്പിൽ നിന്നും സമാനമായ പരാതിയുമായി വിളി വന്നത്. പരാതി നൽകിയിട്ടും തട്ടിപ്പ് സംഘം അതേ നമ്പർ ഉപയോഗിച്ച് കറങ്ങുന്നത് അലനെ ഭീതിയിലാഴ്ത്തുന്നു.

പെട്രോൾ പമ്പിലെ തട്ടിപ്പിന് പുറമെ, ഇതേ നമ്പർ ഉപയോഗിച്ച് വലിയ മോഷണങ്ങളോ മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളോ നടത്തിയാൽ അതിന്റെ ഉത്തരവാദിത്തം തന്റെ മേൽ വരുമോ എന്നതാണ് പ്രധാന ഭയം. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കാത്തതും വ്യാജന്മാരെ കണ്ടെത്താൻ കഴിയാത്തതും അലന്റെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.

YouTube video player