തൊടുപുഴ: പ്ലസ് വൺ മൂല്യനിർണയത്തിനെതിരെ പരാതിയുമായി വിദ്യാർത്ഥി. പൊളിറ്റിക്കൽ സയൻസ് പരീക്ഷയ്ക്ക് അ‍ർഹിച്ച മൂന്ന് മാർക്ക് നൽകിയില്ലെന്നാണ് ആരോപണം. മാർക്ക് കൂട്ടിയിട്ടപ്പോൾ വന്ന പിഴവിനെതിരെ ആവർത്തിച്ച് പരാതി നൽകിയിട്ടും വിദ്യാഭ്യസ വകുപ്പ് ഇതുവരെ നടപടി എടുത്തിട്ടില്ല.

തൊടുപുഴ കുമാരമംഗലം സ്വദേശിനിയാണ് സീതാലക്ഷ്മി. തൊടുപുഴ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ സീതാലക്ഷ്മി പ്ലസ് വൺ പരീക്ഷ എഴുതിയത് കഴിഞ്ഞ മാർച്ചിലാണ്. ഫലം വന്നപ്പോൾ പൊളിറ്റിക്കൻ സയൻസിൽ എഴുത്ത് പരീക്ഷയ്ക്ക് കിട്ടിയത് 80ൽ 74 മാർക്ക്. 

മുഴുവൻ മാർക്കും പ്രതീക്ഷിച്ച സീതാലക്ഷ്മി പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്‍റെ പകർപ്പിനും അപേക്ഷ നൽകി. പുനർമൂല്യനിർണത്തിന്റെ ഫലം വന്നപ്പോഴും മാർക്കിൽ മാറ്റമില്ല. പക്ഷേ ഉത്തരക്കടലാസിന്‍റെ പകർപ്പ് കിട്ടയിപ്പോൾ മാർക്ക് കൂട്ടിയിട്ടതിൽ പിഴവ്. 77 മാർക്ക് നൽകേണ്ടിടത്ത് കൊടുത്തിരിക്കുന്നത് 74 മാർക്ക് മാത്രം.

സീതാലക്ഷ്മി ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കുമെല്ലാം പരാതി നൽകി. പക്ഷേ ആരും പ്രതികരിച്ചില്ല. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അനൂകൂല നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സീതാലക്ഷ്മിയുടെ തീരുമാനം.