പട്ടിണയിൽ കഴിയുന്ന 1488 കുടുംബങ്ങൾക്കാണ് സ‍ർക്കാ‍ പ്രത്യേക ഓണക്കിറ്റ് അനുവദിച്ചത്. ഫണ്ട് അനുവദിക്കുന്നതിലെ തടസ്സമാണ് കിറ്റ് വിതരണം മുടങ്ങാൻ കാരണം

ഇടുക്കി : തിരുവോണം കഴിഞ്ഞ് ദിവസങ്ങളായിട്ടും പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച ഓണക്കിറ്റുകൾ കിട്ടിയിട്ടില്ല. പട്ടിണയിൽ കഴിയുന്ന 1488 കുടുംബങ്ങൾക്കാണ് സ‍ർക്കാ‍ പ്രത്യേക ഓണക്കിറ്റ് അനുവദിച്ചത്. ഫണ്ട് അനുവദിക്കുന്നതിലെ തടസ്സമാണ് കിറ്റ് വിതരണം മുടങ്ങാൻ കാരണം.

വർഷങ്ങളായി അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണമാഘോഷിക്കാൻ സർക്കാ‍ർ നൽകിയ കൂപ്പണാണിത്. ഇതു കൊടുത്താൽ ഇരുപതു കിലോ അരിയും ഓരോ കിലോ വീതം പഞ്ചസാരയും വെളിച്ചെണ്ണയുമുള്ള പ്രത്യേക കിറ്റ് കിട്ടുമെന്നായിരുന്നു വാഗ്ദാനം. ഓണത്തിനു മുമ്പേ കൂപ്പണൊക്കെ കിട്ടി. പക്ഷേ ഓണം കഴിഞ്ഞിട്ടും കൂപ്പൺ കയ്യിൽ പിടിച്ച് കിറ്റിനായി കാത്തിരിക്കുകയാണിവർ

കിറ്റിനായി 15 ലക്ഷം രൂപ തൊഴിൽ വകുപ്പ് കഴിഞ്ഞ ആറാം തീയതി സിവിൽ സപ്ളൈസിൻറെ ബാങ്ക് അക്കൗണ്ടിൽ അടച്ചു. അന്നു വൈകിട്ട് തന്നെ കാത്തിരപ്പള്ളി ഡിപ്പോ മാനേജർക്ക് അറിയിപ്പും കിട്ടി. സാധനങ്ങളും അലോട്ട് ചെയ്തു. എന്നാൽ തുക കൈമാറിയ നടപടി ട്രഷറി മരവിപ്പിച്ചു. സർക്കാർ സാമഗ്രികൾ വാങ്ങാൻ മുൻകൂർ പണം അനുവദിക്കാൻ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മുൻകൂർ പണം കിട്ടാതെ കിറ്റ് നൽകേണ്ടെന്ന കർശന നിലപാടിലാണ് സിവിൽ സപ്ളൈസ് വകുപ്പ്. 

തർക്കം പരിഹരിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നുണ്ടെന്നാണ് തൊഴിൽ വകുപ്പിൻറെ മറുപടി. നിലവിലെ അവസ്ഥയിൽ തൊഴിലാളികൾക്ക് ഓണകിറ്റ് കിട്ടുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി , എം എം.ജെ.പ്ലാന്റേഷൻറെ ബോണാമി, കോട്ടമല തുടങ്ങിയ തോട്ടങ്ങളിലെ തൊഴിലാളികൾക്കാണ് ഓണത്തിന് ഈ പ്രത്യേക കിറ്റ് സർക്കാർ അനുവദിച്ചത്. കിറ്റ് നൽകാമെന്ന് പറഞ്ഞു പറ്റിച്ചതിനെതിരെ തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്

അധികൃതരുടെ വീഴ്ച: 90000കിലോ ഭക്ഷ്യധാന്യം ലഭിക്കാതെ തോട്ടം മേഖല,വരും മാസങ്ങളിൽ കുറവ് നികത്തുമെന്ന് വിശദീകരണം