മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന ആരോപണത്തില്‍ തെളിവുകൾ കൈമാറാന്‍ തയ്യാറാണെന്ന് മഞ്ചേരി സ്വദേശിയായ യുവാവ്.

മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്‍റായിരുന്ന മുസ്ഫിര്‍ കാരക്കുന്നാണ് അവകാശവാദവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു ഐടി കമ്പനിയില്‍നിന്ന് തനിക്കൊരു ഫോണ്‍ കോള്‍ എത്തിയെന്ന് മുസ്ഫിര്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ തന്‍റെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നും മുസ്ഫിര്‍ അവകാശപ്പെടുന്നു. അഞ്ച് കോടിയാണ് അവര്‍ ആവശ്യപ്പെട്ടത്.  നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ കൃത്രിമം നടത്തിയാണ് വിജയിച്ചതെന്നും ഇവര്‍ സൂചിപ്പിച്ചതായി മുസ്ഫിര്‍ പറഞ്ഞു. 

ജില്ലയില്‍ ഇടത് സ്വതന്ത്രർ ജയിച്ച താനൂരിലും നിലമ്പൂരിലുമായാണ് കൃത്രിമം നടന്നെന്ന അഭ്യൂഹങ്ങൾ ഇതോടെ പരന്നു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എം എൽ എമാരായ വി അബ്ദുറഹ്മാനും പി വി അൻവറും രംഗത്തെത്തി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിൽ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ ശിക്ഷാനടപടിയുണ്ടാകും.