ചേർത്തല: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഇടിമിന്നലേറ്റും ചേർത്തലയിൽ വ്യാപക നാശ നഷ്ടമുണ്ടായി. ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡിലാണ് കൂടുതലും നഷ്ടമുണ്ടായത്.  ശക്തമായ കാറ്റിലും മഴയിലുമാണ് വീടുകൾക്കും ഇലട്രോണിക്സ് ഉപകരണങ്ങൾക്കും നാശനഷ്ടമുണ്ടായത്. കേബിൾ ടി വി കണക്ഷനിലൂടെ കയറിവന്ന അമിത വൈദ്യുതി പ്രവാഹമാണ് നാശം വിതച്ചത്. 

പ്രദേശത്തെ 40ഓളം വീടുകളിൽ വൈദ്യുതി വിതരണം തടസപ്പെടുത്തുന്നതിനും വയറിംഗ് സംവിധാനം കത്തി നശിക്കുകയും ചെയ്തു. ടി വി, ഫ്രിഡ്ജ്, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് സെന്റ് മൈക്കിൾസ് കോളേജിന് പടിഞ്ഞാറ് വശം ഉള്ളാടശേരിയിൽ വാസുദേവന്‍റെ വീടിന്‍റെ ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും വയറിംഗും പൂർണമായി കത്തി നശിച്ചു.

സമീപത്തെ കളപ്പുരയ്ക്കൽ വിജയമ്മയുടെ തെങ്ങ് ഇടിവെട്ടേറ്റ് നിലം പതിച്ചു. ഇടിമിന്നൽ സമയത്ത് തെങ്ങ് ചെത്തുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുറുപ്പം വീട്ടിൽ രവീന്ദ്രൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. വിവിധയിടങ്ങളിൽ മരക്കൊമ്പുകൾ വൈദ്യുതി ലൈനിൽ വീണതു മൂലം മണിക്കൂറോളം കറന്റ് ഇല്ലാത്ത അവസ്ഥയായി. തൈയ്ക്കൽ അoബേക്കർ കോളനി, വെട്ടയ്ക്കൽ, ഒറ്റമശേരി തുടങ്ങിയ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.