ലേഡീസ് ബാഗിൽ തരം തിരിച്ച് വച്ച കവറുകൾ, തുറന്നപ്പോൾ വൻ ട്വിസ്റ്റ് ! പിടിച്ചത് 10 ലക്ഷം രൂപയുടെ എംഡിഎംഎ
ടോയ്‌ലെറ്റിന്‍റെ വാതിലിന് മുകളിലായി ലേഡീസ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

തിരുവനന്തപുരം: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 144 ഗ്രാം എംഡിഎംഎ പരിശോധനയിൽ പിടിച്ചെടുത്തു. ഇന്നലെ തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ എക്‌സൈസ് റേഞ്ച് സർക്കിൾ ഓഫീസ് സക്വാഡും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കേരള എക്സ്പ്രസിന്‍റെ ടോയ്ലറ്റിൽ നിന്നും എംഡിഎംഎ. കണ്ടെത്തിയത്. ടോയ്‌ലെറ്റിന്‍റെ വാതിലിന് മുകളിലായി ലേഡീസ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
പിടിച്ചെടുത്ത മയക്കുമരുന്നിന് പത്ത് ലക്ഷത്തോളം രൂപ വില വരുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.ഇതിൽ 98 ഗ്രാം മഞ്ഞ എംഡിഎംഎയും ബാക്കി വെള്ളയുമായാണ് വച്ചിരുന്നത്. രണ്ട് കവറിൽ മഞ്ഞയും മറ്റൊരു കവറിലായി വെള്ളയും പ്രത്യേകം തരം തിരിച്ചാണ് വച്ചിരുന്നത്. ദീർഘദൂര ട്രെയ്നുകളിൽ സാധാരണ നടത്തി വരുന്ന പരിശോധനകളുടെ ഭാഗമായിരുന്നു ഇന്നലെയും പരിശോധന നടത്തിയത്. ആരാണ് കൊണ്ടുവന്നതെന്ന് തിരിച്ചറിയാനായിട്ടില്ല. തിരുവനന്തപുരത്തേക്കെത്തിക്കുന്നതിനായി ലഹരിക്കടത്ത് സംഘം ഒളിപ്പിച്ചതായിരിക്കാം ഇതെന്നും ഇവിടെ എത്തുമ്പോൾ മറ്റൊരാൾ വന്ന് എടുത്തുകൊണ്ടുപോകുന്ന രീതിയാണ് കണ്ടുവരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...