കോഴിക്കോട്ട് വാഹന പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ലഹരിക്കടത്തുസംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ പിടിയിലായ 'പൊന്ന്' അജ്മലിന്റെ പ്രധാന ഏജന്റുമാരാണ് ഇവരെന്നും, ഇവരിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.

കോഴിക്കോട്: വാഹന പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ലഹരിക്കടത്തുസംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരോത്ത് കുറ്റിക്കണ്ടി യാസിന്‍ ജലീല്‍(25), ഉള്ള്യേരി മടത്തിക്കുന്നുമ്മല്‍ മുഹമ്മദ് ജവാദ്(31) എന്നിവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച രണ്ട് കാറുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം എംഡിഎംഎയുമായി ബംഗളൂരു പോലീസിന്റെ പിടിയിലായ 'പൊന്ന്' അജ്മലിന്റെ കോഴിക്കോട് ജില്ലയിലെ പ്രധാന ഏജന്റുമാരാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ 25ാം തിയ്യതിയാണ് ചേനായിക്കടുത്ത മഞ്ചേരിക്കുന്നില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാറിനെയും സംഘത്തെയും ലഹരിക്കടത്തു സംഘം ആക്രമിച്ചത്. ഇവരില്‍ നിന്ന് 3.51 ഗ്രാം എംഡിഎംഎ കണ്ടെടുക്കുന്നതിനിടയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, പി.പി ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിഷ്ണു എന്നിവരാണ് ഒളിവിലായിരുന്ന യാസീനെയും ജവാദിനെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മൂന്ന് പേര്‍ കൂടി ഇനിയും പിടിയിലാവാനുണ്ട്.