എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരിയില്‍ നടത്തിയ പരിശോധനയില്‍ 13 കുപ്പി മദ്യവുമായി ഒരാള്‍ പിടിയിലായി. മുമ്പും അബ്കാരി കേസില്‍ പ്രതിയായ വ്യക്തിയാണ് പിടിയിലായത്. 

മലപ്പുറം: എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസ് നടത്തിയ പരിശോധനയില്‍ 13 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍. വണ്ടൂര്‍ പോരുര്‍ ചേരിപ്പറമ്പ് പന്നിക്കോടന്‍ വീട്ടില്‍ വേലായുധനാണ് (49) പിടിയിലായത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.എന്‍. രഞ്ജിത്തി ന്റെ നേതൃത്വത്തിലുള്ള സംഘമാ ണ് എളങ്കൂര്‍ പേലേപ്പുറത്ത് നിന്ന് മദ്യവുമായി ബൈക്കില്‍ പോകുന്നതിനിടെ പിടികൂടിയത്.

മുമ്പും അബ്കാരി കേസില്‍ പ്രതിയായ വേലായുധന്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. മദ്യം സൂക്ഷിച്ച ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫിസര്‍മാരായ പി. സഫിര്‍ വേലായുധന്‍ അലി, എക്‌സൈസ് ഓഫിസര്‍ പ്രകാശ്, രാജന്‍ നെല്ലിയായി, സിവില്‍ ഓഫീസര്‍മാരായ ടി. സുനീര്‍, ഷഹദ് ശരീഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഡ്രൈവര്‍ എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

നാര്‍ക്കോട്ടിക് കേസിലെ പ്രതിയെ കരുതല്‍ തടങ്കലിലാക്കി

ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നാര്‍ക്കോട്ടിക് കേസിലെ പ്രതിയെ കരുതല്‍ തടങ്കലിലാക്കി. മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസിലെ മൂന്ന് എന്‍.ഡി.പി.എസ്‌കേസിലെ പ്രതിയായ മഞ്ചേരി പുല്ലൂര്‍ എടലൊളി വീട്ടില്‍ ഷംസുദ്ദീനെയാണ് മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. ജിനീഷും സംഘവും അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലിലാക്കിയത്. പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

മൂന്ന് കേസുകളില്‍ ഒന്ന് ഹാഷിഷ് ഓയിലും മറ്റു രണ്ടു കേസുകളിലും മാരക ലഹരി മരുന്നായ മെത്താംഫിറ്റമിനുമാണ് ഷംസുദ്ദീനില്‍ നിന്നും മഞ്ചേരി എക്‌സൈസ് സംഘം പിടികൂടിയിരുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ് പെക്ടര്‍ കെ. പ്രദീപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷബീര്‍ അലി, വി.സച്ചിന്‍ ദാസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.കെ. നിമിഷ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അബ്ദുറഹിമാന്‍ എന്നിവരും ഉണ്ടായിരുന്നു.