കല്‍പ്പറ്റ: കേരളത്തിലേക്ക് ലഹരി കടത്താന്‍ പലവഴികളാണ് സംഘങ്ങള്‍ തേടുന്നത്. അതിര്‍ത്തി കടന്ന് ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ ഇവര്‍ ഉപയോഗിക്കുന്നത് ലക്ഷ്വറി ബസുകള്‍, അത്യാഢംബര വാഹനങ്ങള്‍, ബൈക്ക് തുടങ്ങിയവയാണ്. ഒന്നും രണ്ടും തവണ പിടിയിലായവര്‍ തന്നെ വീണ്ടും ലഹരിയുമായി പിടിയിലാവുന്നു. അതിര്‍ത്തികളിലെ പുഴ കടന്ന് കാട്ടുപാതകള്‍ വരെ ലഹരിക്കടത്ത് സംഘങ്ങള്‍ ഉപയോഗിക്കുന്നു. ക്രിസ്തുമസും പുതുവത്സരാഘോഷവും കൂടി എത്തുന്നതോടെ ലഹരിമാഫിയയെ ഒതുക്കാന്‍ പുതിയമാര്‍ഗങ്ങള്‍ തേടുകയാണ് വയനാട്ടില്‍ എക്‌സൈസ്, പോലീസ് വകുപ്പുകള്‍. 

ഇതിനായി മറ്റു വകുപ്പുകളുടെ സഹായം തേടുന്നതിന് പുറമെ അതിര്‍ത്തികളിലെ പരിശോധനക്ക് അയല്‍സംസ്ഥാനങ്ങളിലെ എക്‌സൈസ് വകുപ്പിന്റെ കൂടി സഹകരണം ഉറപ്പാക്കും. തോല്‍പ്പട്ടി, മുത്തങ്ങ, ബാവലി എന്നിവയാണ് വയനാട്ടിലെ പ്രധാന ചെക്‌പോസ്റ്റുകള്‍. എന്നാല്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന എല്ലായിടങ്ങളിലും പൂര്‍ണമായ രീതിയില്‍ ചെക്‌പോസ്റ്റുകളില്ല. ഇതുവഴിയാണ് ലഹരിക്കടത്ത് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. 

ഇവിടങ്ങളിലെ പരിശോധനയാണ് എക്‌സൈസിനും പോലീസിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കാട്ടുപാതകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ വനംവകുപ്പിന്റെ കൂടി സഹകരണം ലഭിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമെ പൊതുജനങ്ങള്‍ക്ക് സംശയകരമായി തോന്നുന്ന ഏതു സാഹചര്യവും വകുപ്പിനെ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രൂപം മാറിവരുന്ന ലഹരി വസ്തുക്കള്‍ തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരായിരിക്കും അതിര്‍ത്തികളില്‍ പരിശോധന നടത്തുക. 

ഒക്ടോബറില്‍ 313 കേസുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. ലഹരിക്കടത്തോ, വില്‍പ്പനയോ ശ്രദ്ധയില്‍പ്പെട്ടാന്‍ അറിയിക്കേണ്ട നമ്പറുകള്‍ ഇവയാണ്. 155358, 18004252848 (ടോള്‍ ഫ്രീ). സര്‍ക്കിള്‍ ഓഫീസ് : കല്‍പ്പറ്റ - 202219, സുല്‍ത്താന്‍ ബത്തേരി - 248190, മാനന്തവാടി - 240012 റെയ്ഞ്ച് ഓഫീസ് : കല്‍പ്പറ്റ - 208230, സുല്‍ത്താന്‍ ബത്തേരി - 227227, മാനന്തവാടി - 244923.

ലഹരിമോചന ചികിത്സാ കേന്ദ്രത്തിന് 10 ലക്ഷം അനുവദിച്ചു

വിമുക്തി മിഷന്റെ ഭാഗമായി ജില്ലയില്‍ ലഹരിമോചന ചികിത്സാ കേന്ദ്രം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ രണ്ടു ബ്ലോക്കുകള്‍ നവീകരിച്ച് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഒന്നരമാസം കൊണ്ട് കേന്ദ്രം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യം. ഇതിനായി നിര്‍മ്മിതി കേന്ദ്രയെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തില്‍ പത്ത് ബെഡ് അടങ്ങുന്ന കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ കേന്ദ്രത്തിലൊരുക്കും. നിലവില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ലഹരിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഒ.പി വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.