മറ്റൊരു ചെടിക്കൊപ്പം 63 സെന്റീമീറ്ററോളം ഉയരത്തിൽ ചെടി വളർന്നിരുന്നു.
കൊച്ചി: ആലുവ ദേശീയ പാതയോരത്ത് കൊച്ചി മെട്രോയുടെ പില്ലറുകൾക്ക് താഴെ കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസിന്റെ നേതൃത്വത്തിലാണ് ചെടി കണ്ടെത്തിയത്. മറ്റൊരു ചെടിക്കൊപ്പം 63 സെന്റീമീറ്ററോളം ഉയരത്തിൽ ചെടി വളർന്നിരുന്നു. രഹസ്യ വിഭാഗം കിട്ടിയപ്പോഴാണ് വന്ന് പരിശോധന നടത്തിയതന്ന് എക്സൈസ് സി ഐ അഭിദാസ് പറഞ്ഞു.
ആലുവ മെട്രോ പില്ലർ 87 ന് താഴെ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പുല്ലുകൾക്കിടയിലാണ് കഞ്ചാവ് ചെടി വളർന്നിട്ടുള്ളത്. ആരാണ് നട്ടു വളർത്തിയതെന്നത് സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്. ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച് വലിച്ചെറിഞ്ഞത് മുളച്ചതാണോ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എക്സൈസ് എക്സൈസ് ഐ അഭിദാസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴച്ചക്കാലമായി ഓപ്പറേഷൻ ക്ലീൻ സൈറ്റ് എന്ന പ്രവർത്തനം നടന്നു വരികയാണെന്നും അതിന്റെ ഭാഗമാണ് തെരച്ചിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി മേയ് 15ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2278 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 171 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കേരളാ പൊലീസ് അറിയിച്ചു. 173 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.0115 കി.ഗ്രാം), കഞ്ചാവ് (14.882 കി.ഗ്രാം), കഞ്ചാവ് ബീഡി (106 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായെന്നും പൊലീസ്.


