മണ്ണിനടിയിൽ നാല് അടി ആഴത്തിൽ കുഴിച്ചിട്ട 35 ലിറ്ററിന്റെ 9 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കൊല്ലങ്കോട്: പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് എക്സൈസിന്‍റെ സ്പിരിറ്റ് വേട്ട. മണ്ണിൽ കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. ചെമ്മണാംപതി എ -വൺ ക്വാറിയുടെ സമീപം തെൻമലയുടെ താഴവാരത്തിലുള്ള വെള്ളച്ചാലിൽ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്. മണ്ണിനടിയിൽ നാല് അടി ആഴത്തിൽ കുഴിച്ചിട്ട 35 ലിറ്ററിന്റെ 9 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ മണികണ്ഠനും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പാലക്കാട് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ, ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടർ ജോബി ജോർജ് എന്നിവരുടെ നേത്യത്വത്തിൽ പ്രതികൾക്കായി സമീപ പ്രദേശങ്ങളിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനാണ് ശ്രമം. പാലക്കാട് ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കഴിഞ്ഞ രണ്ട് മാസക്കാലമായി ഈ പ്രദേശങ്ങളിൽ എക്സൈസ് രഹസ്യ നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. പരിശോധനയിൽ
അസി. എക്സൈസ് ഇൻസ്പക്ടർ എൻ സന്തോഷ്, ഗ്രേഡ് അസി. എക്സൈസ് ഇൻസ്പക്ടർമാരായ ആർ വിനോദ് കുമാർ, വി മണി, പ്രിവന്‍റീവ് ഓഫീസർ വി. ഷാംജി, സിവിൽ എക്സൈസ് ഓഫീസർ എ. അരവിന്ദാക്ഷൻ, വനിത സിവിൽ എക്സൈസ് ഓഫീസർ എം. ധന്യ എന്നിവർ പങ്കെടുത്തു,
അതിനിടെ അട്ടപ്പാടിയിൽ എക്സൈസ് സംഘം വാറ്റ് കേന്ദ്രം തകർത്തു. പാടവയൽ കുളപ്പടി ഊരിനു സമീപം ചെന്താമലയിലെ നീർച്ചാലിന്റെ അരികിലുള്ള പാറക്കെട്ടുകൾക്കിടയിൽ നിന്നും 40 ലിറ്റർ ചാരായവും, 2400 ലിറ്റർ വാഷും എക്സൈസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഗളി റേഞ്ച് ഇൻസ്‌പെക്ടർ അശ്വിൻ കുമാറും സംഘവുമാണ് റെയ്ഡ് നടത്തിയത്. പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
Read More : ഓപ്പറേഷന്‍ ലൈഫ്: ഭക്ഷണങ്ങൾക്ക് ഗുണനിലവാരമില്ല, 2 ദിവസം കൊണ്ട് 90 കടകൾക്ക് പൂട്ടിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ്
