അഞ്ചര പതിറ്റാണ്ടിലധികം തൃശൂര്‍ പൂരത്തിന്റെ ആവേശമായിരുന്ന മണികണ്ഠന്‍ ചരിഞ്ഞു

തൃശൂര്‍: തൃശൂര്‍ പൂരത്തി സ്ഥിര സാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു. 70 വയസായിരുന്നു. വാര്‍ധക്യത്തിന്റെ അവശതയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടോളം തൃശൂര്‍ പൂരത്തിന്റെ ആവേശമായിരുന്നു മണികണ്ഠന്‍. 58 വര്‍ഷത്തോളമാണ് തൃശൂര്‍ പൂരത്തിന് എഴുന്നള്ളിപ്പില്‍ മണികണ്ഠന്‍ അണിനിരന്നത്. തിരുവമ്പാടി ദേവസ്വത്തിനായിരുന്നു എഴുന്നള്ളിപ്പ്. ഇതൊരു റെക്കോഡാണ്. 

തൃശൂര്‍ പൂരത്തിന്റെ പറയെടുപ്പു മുതല്‍ മഠത്തില്‍ വരവ് ഇറക്കിയെഴുന്നള്ളിപ്പില്‍ വരെ നിറഞ്ഞുനിന്നിരുന്നു മണികണ്ഠന്‍. തൃശൂര്‍ പൂരത്തില്‍ മറ്റൊരാനയും ഇത്രയധികം കാലം എഴുന്നെള്ളിപ്പില്‍ പങ്കെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷം മഠത്തിലേക്കുള്ള വരവില്‍ തിടമ്പേറ്റിയതും നെയ്തലക്കാവ് ഭഗവതിയുടെ കോലമേന്തിയതും മണികണ്ഠനാണ്. നിലമ്പൂരിലെ കാട്ടില്‍ നിന്ന് മൂന്നാം വയസിലാണ് മണികണ്ഠനെ ശങ്കരംകുളങ്ങര ദേവസ്വം സ്വന്തമാക്കിയത്. 

ലീഡര്‍ കെ കരുണാകരന്റെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു ഇത്. അന്ന് പാറമേക്കാവ് രാജേന്ദ്രന്‍ മാത്രമായിരുന്നു പൂരനഗരത്തിലെ കൊമ്പന്‍. മൂന്നാം വയസില്‍ ശങ്കരംകുളങ്കര ദേവസ്വത്തിലെത്തിയ മണികണ്ഠന്‍ പറയെഴുന്നള്ളിപ്പുകളിലൂടെ ആനക്കമ്പക്കാരുടെ മനം കവര്‍ന്നു. അഞ്ച് പതിറ്റാണ്ടോളം മഠത്തില്‍വരവ് എഴുന്നള്ളിപ്പ് തിടമ്പേറ്റി. ശാന്തസ്വഭാവക്കാരനായ മണികണ്ഠനെയാണ് തൃശൂര്‍ പൂരം വെടിക്കെട്ടിന് തിരുവമ്പാടി ദേവസ്വം പന്തലില്‍ തിടമ്പുമായി എഴുന്നള്ളിച്ച് നിര്‍ത്തിയിരുന്നത്. പിന്നീട് പൂരം എഴുന്നള്ളിപ്പുകളില്‍ സജീവസാന്നിധ്യമായി. ശങ്കരംകുളങ്ങര ഉദയന്‍ മാത്രമാണ്
ശങ്കരംകുളങ്ങര ദേവസ്വത്തില്‍ അവശേഷിക്കുന്ന ആന.

Read more: 'ആരോഗ്യ കുടുംബത്തിന് പ്രസവങ്ങള്‍ തമ്മില്‍ എത്രവർഷം ഇടവേള വേണം?', ജനസംഖ്യാദിനാചരണത്തിൽ ആരോഗ്യവകുപ്പ് നിർദേശങ്ങൾ

അടുത്തിടെയാണ്, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞത്. ജൂൺ 29ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. രണ്ട് മാസം മുമ്പ് ആന കിടന്ന സ്ഥലത്ത് നിന്നു എഴുന്നേൽക്കാൻ കഴിയാതെ വീണു പോയിരുന്നു. അന്ന് ക്രെയിൻ ഉപയോഗിച്ചാണ് ആനയെ ഉയർത്തിയത്. അതിന് ശേഷം ആന ചികിത്സയിലായിരുന്നു.