തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന റമദാൻ 27-ാം രാവിൽ വ്യത്യസ്ഥ മതങ്ങളിൽപ്പെട്ട യുവതികളുടെ മംഗല്യത്തിന് കഴക്കൂട്ടം ചന്തവിള ആബല്ലൂർ മുസ്ലിം ജമാഅത്ത് അങ്കണം സാക്ഷിയായി. എട്ട് നിർദ്ദന യുവതികളുടെ വിവാഹമാണ് ജമാഅത്തിൽ വച്ച് നടന്നത്. പ്രവാസി വ്യവസായിയും അബുദാബി ലൈലക്ക് ഗ്രൂപ്പ് എം.ഡിയുമായ ആമ്പല്ലൂർ എം.ഐ ഷാനവാസിൻ്റെ സഹായത്തോടെയാണ് ഈ ചരിത്ര മുഹൂർത്തത്തിന് ജുമാ മസ്ജിദ് അങ്കണം വേദിയായത്.

പെരുമാതുറ സ്വദേശി നൗഫൽ- പുതുക്കുറിച്ചി സ്വദേശി നൗസില, പേട്ട സ്വദേശി ഹരികുമാർ- ആമ്പല്ലൂർ സ്വദേശി ശ്രീലക്ഷ്മി, പെരുമാതുറ സ്വദേശി ഫൈസൽ- പുതുക്കുറ്റിച്ചി സ്വദേശി ഷാനിബ, അഴിക്കോട് സ്വദേശി അനസ് - പൂവച്ചൽ സ്വദേശി ഷെഹ്ന, പാരിപ്പള്ളി സ്വദേശി ഷമീർ- മാടൻവിള സ്വദേശി അറഫ, പാരിപ്പള്ളി സ്വദേശി ഹാറൂൻ- ആറ്റിങ്ങൾ സ്വദേശി അൻസില, ശ്രീകാര്യം സ്വദേശി സുനിൽ - ചന്തവിള സ്വദേശി ജ്യോതി, വെഞ്ഞാറമൂട് സ്വദേശി അനന്ദു- ആര്യനാട് സ്വദേശി നന്ദിനി മോൾ എന്നിവരാണ് റമദാൻ്റെ പുണ്യം വിരിയുന്ന രാവിൽ വിവാഹിതരായത്.

ജാതിക്കും മതത്തിനും അതീതമായി പള്ളിമുറ്റത്ത് നടന്ന ഭക്തി സാന്ദ്രമായ പ്രാർത്ഥനയോടെ തുടക്കം കുറിച്ച ചടങ്ങുകൾ നൂറ് ശതമാനവും ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച് കൊണ്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല തുടങ്ങിയവർ വധു വരന്മാർക്ക് ഹാരവും മംഗളപത്രവും കൈമാറി.

വിവാഹിതരായ പെൺകുട്ടികൾക്കുള്ള സ്വർണ്ണാഭരണങ്ങൾ എം.ഐ ഷാനവാസിൻ്റെ പത്നി ബിജിന ഷാനവാസ് വിതരണം ചെയ്തു. പ്രശസ്ത മതപണ്ഡിതൻ നൗഷാദ് ബാഖവി, മൗലവി മാരായ നേമംസിദ്ധീഖ് ഫൈസി, സിദ്ധീഖ് സഖാഫി ആമ്പല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് അബ്ദുൽ മജീദ്, സെക്രട്ടറി ഷിഹാബുദ്ധീൻ, മുൻ ജമാഅത്ത് പ്രസിഡന്റ് ആമ്പല്ലൂർ നാസർ, അഡ്വ.നൗഷാദ്, കോൺഗ്രസ് നേതാക്കളായ അഡ്വ.എം.മുനീർ, എച്ച്.പി.ഷാജി, ആര്യനാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷാമിലാ ബീഗം, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.