വഴി വൃത്തിയാക്കാൻ എത്തിയ  തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. പൊലീസ് അന്വേഷണം തുടങ്ങി

കോട്ടയം : കോട്ടയം പാലായിൽ സ്ഫോടകവസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലാ കാര്‍മല്‍ ജങ്ഷന് സമീപമാണ് സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്ന് കോയില്‍ വെടിമരുന്ന് തിരിയും മുപ്പത്തിയഞ്ചോളം പശയും നൂറ്റി മുപ്പതോളം കെപ്പുമാണ് ഉണ്ടായിരുന്നത്. മൊണാസ്ട്രി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. റോഡ് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവ കോടതിയില്‍ കൈമാറി. സംഭവത്തെ പറ്റി വിശദമായ അന്വേഷണവും തുടങ്ങി. പാറ ക്വാറികളില്‍ ഉപയോഗിക്കുന്നവയാണ് ഈ സ്ഫോടക വസ്തുക്കള്‍. പാറ ക്വാറിയില്‍ നിന്ന് ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുവന്നിട്ടതാകാം എന്നതാണ് പൊലീസിന്‍റെ പ്രാഥമിക അനുമാനം. എന്നാല്‍ മറ്റ് സാധ്യതകളും അന്വേഷിക്കുന്നുണ്ട്.