വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ ഇരുളം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രദേശത്ത് വാഹനങ്ങളില്‍ പട്രോളിംഗ് നടത്തി
സുല്‍ത്താന്‍ബത്തേരി: ദിവസങ്ങളായി പുലി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയ ബത്തേരി നഗരപ്രാന്തത്തിലെ നിരവധി സ്‌പോട്ടുകളില്‍ വനംവകുപ്പിന്റെ വ്യാപക തിരച്ചില്‍. ഇന്നലെ രാത്രി പുലിയെ കണ്ട സെന്റ് ജോസഫ് സ്‌കൂളിന് സമീപത്തെയും കാടുമൂടിക്കിടക്കുന്ന ഇടങ്ങളില്‍ ഡി എഫ് ഒയുടെ നിര്‍ദ്ദേശപ്രകാരം നായ്‌ക്കെട്ടി ഫോറസ്‌ററ് സ്റ്റേഷനില്‍ നിന്നുള്ള വാച്ചര്‍മാരും ഉദ്യോഗസ്ഥരുമെത്തി പരോശോധന നടത്തി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ ഇരുളം സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രദേശത്ത് വാഹനങ്ങളില്‍ പട്രോളിംഗ് നടത്തി. ദിവസങ്ങളായി പുലിയെ കണ്ട ഭാഗങ്ങളിലെല്ലാം സംഘം പരോശോധന നടത്തി.
പ്രഭാത സവാരിക്കായി എത്തുന്നവര്‍ക്ക് സുരക്ഷ കണക്കിലെടുത്ത് ഏഴ് മണിവരെ പട്രോളിങ് തുടര്‍ന്നു. ഇതിന് പുറമെ ബത്തേരിയില്‍ നിന്നുള്ള വനം റാപിഡ് റെസ്‌പോണ്‍സ് ടീമും കുറ്റിക്കാടുകളും മറ്റും കേന്ദ്രീകരിച്ച് പരിശോധന നടത്തിവരികയാണ്. നഗരത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ക്ക് താവളമാക്കാന്‍ കഴിയുന്ന നിരവധി കുറ്റിക്കാടുകള്‍ ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. പകല്‍നേരങ്ങളില്‍ ഇത്തരം കുറ്റിക്കാടുകളില്‍ ഒളിച്ചിരിക്കുന്ന പുലി ജനസാന്നിധ്യം തീര്‍ത്തും കുറയുന്ന സമയങ്ങളിലായിരിക്കാം പുറത്തിറങ്ങുന്നതെന്നും അതിനാല്‍ 24 മണിക്കൂര്‍ പട്രോളിങ് ആവശ്യമാണെന്നും കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കണമെങ്കില്‍ അതും ചെയ്യണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കോട്ടക്കുന്നില്‍ കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയോരത്തെ വീട്ടിലെ കോഴികളെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ആക്രമിച്ച പുലി കൂട് സ്ഥാപിച്ചപ്പോള്‍ മുങ്ങിയിരിക്കുകയാണ്. വീടിന് പിന്നില്‍ സ്ഥാപിച്ച കൂട്ടില്‍ വ്യാഴാഴ്ച പുലി കുടുങ്ങിയില്ലെന്നു മാത്രമല്ല കൂടിന് സമീപം പോലും അത് എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കോഴികളെ ആക്രമിച്ചിട്ടും കൂട് സ്ഥാപിക്കാന്‍ തയ്യാറാകാത്ത വനംവകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപച്ചതോടെയാണ് വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. ബുധനാഴ്ച സ്ഥാപിച്ച കൂടിനടുത്ത് പിന്നീട് പുലിയുടെ സാന്നിധ്യവും കണ്ടെത്താനായില്ല. വീട്ടുടമ പുതുശ്ശേരില്‍ പോള്‍ മാത്യൂസിന്റെ വീടിനും കോഴിക്കൂടിനുമിടയിലാണ് കൂടുവെച്ചത്. പരിസരത്ത് ലൈവ് ക്യാമറകളും ട്രാപ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും പുലിയുടെ സാന്നിധ്യമുണ്ടായിട്ടില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വീട്ടുടമ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണക്യാമറകളിലും പുലിയുടെ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ല. മാത്രമല്ല പരിസരങ്ങളിലൊന്നും പുലിയെ കണ്ടതായും വിവരമില്ല. കഴിഞ്ഞ 13 നാണ് പോള്‍ മാത്യൂസിന്റെ കോഴികളെ പുലി പിടിച്ചുതിന്നത്. ഈ സംഭവം തുടര്‍ദിവസങ്ങളിലും ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ പുലിയ കൂട് സ്ഥാപിച്ച പിടികൂടണമെന്ന ആവശ്യം നാട്ടുകാര്‍ ഉയര്‍ത്തുകയായിരുന്നു. വൈകി കൂട് സ്ഥാപിച്ചെങ്കിലും ഇനിയും പോള്‍ മാത്യൂസിന്റെ വീട്ടില്‍ എത്തുമെന്ന് പ്രതീക്ഷയിലാണ് വനംവകുപ്പ്. കോഴികളെ തന്നെയാണ് പുലിക്കുള്ള കൂട്ടില്‍ ഇരയായി വെച്ചിട്ടുള്ളത്.


