പ്രദേശത്ത് നടന്ന അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ എസ്ഐയും സംഘവും പ്രദേശത്ത് വാഹനം നിര്‍ത്തി ചെക്കിംഗ് നടത്തുകയായിരുന്നു. ഫായിസ് തൊട്ടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന് പൊലീസ് നടപടി ഫേസ്ബുക്കില്‍ ലൈവിട്ടു. 

മലപ്പുറം: അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിന്‍റെ നടപടി ഒളിച്ചിരുന്നു ഫേസ്ബുക്കില്‍ ലൈവിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നീക്കം സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് നിലമ്പൂര്‍ കരുളായി വക്കീല്‍പ്പടി കല്ലട ഫായിസ് (27) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കരുളായിയിലെ പള്ളിപ്പടിയിലാണ് സംഭവം നടന്നത്.

മുന്‍പ് പ്രദേശത്ത് നടന്ന അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ എസ്ഐയും സംഘവും പ്രദേശത്ത് വാഹനം നിര്‍ത്തി ചെക്കിംഗ് നടത്തുകയായിരുന്നു. ഫായിസ് തൊട്ടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരുന്ന് പൊലീസ് നടപടി ഫേസ്ബുക്കില്‍ ലൈവിട്ടു. റോഡില്‍ പൊലീസിന്‍റെ പരിശോധന ഉണ്ടെന്നും ആരും ആ വഴി പോകരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ലൈവ്. 

ഇതോടെ വീഡിയോയ്ക്ക് താഴെ പൊലീസിനെതിരെ അസഭ്യ കമന്‍റുകള്‍ വന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ജോലി തടസ്സപ്പെടുത്തിയതിനും ഐടി ആക്ട്പ്രകാരവും ഫായിസിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.