സ്ക്രീനിലെ തകരാർ പരിഹരിക്കാനോ  സ്ക്രീൻ മാറ്റി നൽകാനോ തയ്യാറാകാതെ വൺ പ്ലസ് മൊബൈൽ. പിഴയിട്ട് കോടതി. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം കൈമാറണം

കൊച്ചി: ഫോണിലെ ഓട്ടോമാറ്റിക് അപ്ഡേറ്റിന് പിന്നാലെ സ്ക്രീനിൽ പിങ്ക് ലൈൻ. പരാതിക്ക് പരിഹാരം ലഭിക്കാൻ മാസങ്ങൾ വൈകിയതിനിടെ സ്ക്രീനിൽ പച്ച ലൈൻ. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ ഫോണിന്റെ തകരാറ് പരിഹരിക്കാൻ അനുകൂല സമീപനം സ്വീകരിക്കാൻ മടിച്ച വൺപ്ലസ് നിർമ്മാതാക്കൾക്ക് പിഴയിട്ട് കോടതി. എറണാകുളം സ്വദേശിയും ഹൈക്കോടതിയിലെ അഭിഭാഷകനുമായ എംആർ ഹരിരാജിന്റെ പരാതിയിൽ ഫോണിന്റെ വിലയും 35000 രൂപ നഷ്ടപരിഹാരം നൽകാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. 

2021 ഡിസംബർ 23നാണ് എംആർ ഹരിരാജ് വൺ പ്ലസിന്റെ 43999 രൂപ വിലയുള്ള വൺ പ്ലസ് 9ആർ ലേക്ക് ബ്ലൂ എന്ന മൊബൈൽ ഫോൺ വാങ്ങിയത്. പനമ്പള്ളി നഗറിലെ വൺപ്ലസ് ഷോറൂമിൽ നിന്നായിരുന്നു അഭിഭാഷകൻ ഫോൺ സ്വന്തമാക്കിയത്. 2023 ജൂലൈ മാസത്തിലാണ് ഫോണിന്റെ സ്ക്രീനിൽ പിങ്ക് നിറത്തിലെ ഒരു ലൈൻ വരുന്നത്. ഓട്ടോമാറ്റിക് അപ്ഡേറ്റിന് പിന്നാലെയായിരുന്നു ഇത്. പരാതിക്കാരൻ സർവ്വീസ് സെന്ററിൽ ഫോണിലെ തകരാറിനേക്കുറിച്ച് പരാതിപ്പെട്ടു. എന്നാൽ നിലവിൽ സ്ക്രീൻ ലഭ്യമല്ലെന്നും ലഭ്യമായാൽ ഉടൻ മാറ്റിനൽകാമെന്നുമായിരുന്നു സർവ്വീസ് സെന്ററിൽ നിന്നുള്ള മറുപടി. തുടർച്ചയായി പരാതിപ്പെട്ടതോടെ 19000 രൂപയ്ക്ക് ഫോൺ തിരികെ വാങ്ങാമെന്നും അല്ലാത്ത പക്ഷം സ്ക്രീൻ മാറ്റി നൽകുന്നത് വരെ കാത്തിരിക്കാനുമായിരുന്നു വൺപ്ലസിൽ നിന്നുള്ള പ്രതികരണം. 

ഇതേ വർഷം സെപ്തംബർ 19ന് ഫോണിന്റെ സ്ക്രീനിൽ പച്ച നിറത്തിലുള്ള ഒരു ലൈൻ കൂടി വരികയായിരുന്നു. ഇതിന് പിന്നാലെ വക്കീൽ നോട്ടീസ് അടക്കമുള്ളവ നൽകിയിട്ടും വൺപ്ലസിൽ നിന്നുള്ള പ്രതികരണം നിരാശജനകമായതിന് പിന്നാലെയാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിക്കുന്നത്. സോഫ്റ്റ്‌വെയർ അപ്ഡേഷനുകൾ സ്വീകരിക്കാൻ കഴിയാത്ത തരത്തിൽ മാനുഫാക്ചറിംഗ് ഡിഫക്ട് ഫോണിന് ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് അഭിഭാഷകൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. 

ഭാവി അപ്‌ഡേറ്റുകളെ പരിഗണിക്കാത്ത ഫോൺ നിർമ്മാണമാണ്, ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായതെന്നും, അപാകത സംഭവിച്ചിട്ടും അത് പരിഹരിക്കാൻ യാതൊരു നടപടികളും എതിർകക്ഷിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നത് സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാരന് ഉണ്ടായ സാമ്പത്തിക, മാനസിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി ഫോണിൻറെ വിലയായ 43,999 രൂപ തിരികെ നൽകാനും കോടതി ചെലവ്, നഷ്ടപരിഹാരം ഇനങ്ങളിൽ 35,000 രൂപയും നൽകാൻ എതിർകക്ഷികളായ വൺപ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കോടതി ഉത്തരവ് നൽകി. ഇത് 45 ദിവസത്തിനകം നൽകാത്തപക്ഷം 9 ശതമാനം പരിശ സഹിതം ഈടാക്കേണ്ടി വരുമെന്നും കോടതി വിശദമാക്കി. പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് ജിഷ ജി രാജ് കോടതിയിൽ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം