മഴ പെയ്താല്‍ പാടം നിറയും. ഷെഡിലും വെള്ളം കയറും. എങ്ങോട്ട് പോകുമെന്ന് കുട്ടനാട്ടുകാർക്ക് ഒരു പിടിയുമില്ല

ആലപ്പുഴ: കുട്ടനാട്ടില്‍ പ്രളയപുനരധിവാസത്തില്‍ ഗുരുതര വീഴ്ച. കൈനകരി, പുളിങ്കുന്ന് പഞ്ചായത്തില്‍ മാത്രം വീട് പൂര്‍ണ്ണമായും തകര്‍ന്ന നൂറ്റമ്പതിലേറെ പേര്‍ക്ക് ധനസഹായത്തിന്‍റെ ആദ്യ ഗഡുപോലും കിട്ടിയില്ല.

പ്രളയത്തിൽ വീട് തകർന്ന പലർക്കും ഇപ്പോഴും ഒരു രൂപ പോലും കിട്ടിയിട്ടില്ല. പാടത്തോട് ചേര്‍ന്ന് ഷീറ്റ് വലിച്ച് കെട്ടിയ ഷെഡിലാണ് ഇവരെല്ലാം കഴിയുന്നത്. മഴ പെയ്താല്‍ പാടം നിറയും. ഷെഡിലും വെള്ളം കയറും. എങ്ങോട്ട് പോകുമെന്ന് കുട്ടനാട്ടുകാർക്ക് ഒരു പിടിയുമില്ല. ഇതുപോലെ കൈനകരി പഞ്ചായത്തില്‍ മാത്രം 75ലേറെ പേരാണ് വീട് വെക്കാനുള്ള ആദ്യ ഗഡുപോലും കിട്ടാത്തവരായി ഉള്ളത്. 

പുങ്കിക്കുന്ന് പഞ്ചായത്തിലും സ്ഥിതി ഇതുതന്നെ. വീട് പൂര്‍ണ്ണമായി തകര്‍ന്ന 74 പേര്‍ക്ക് ഇതുവരെ ഒന്നും കിട്ടിയില്ല. രണ്ട് പഞ്ചായത്തില്‍ മാത്രം 150 ലേറെ കുടുംബങ്ങളാണ് ഇതുപോലെ ദുരിതത്തില്‍ കഴിയുന്നത്. വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടും നഷ്ടപരിഹാര പട്ടികയ്ക്ക് പുറത്തുള്ള കാല്‍ലക്ഷത്തിലേറെ പേരുണ്ട് ആലപ്പുഴയില്‍. അതില്‍ ബഹുഭൂരിപക്ഷവും കുട്ടനാട്ടില്‍ തന്നെ. പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ തുക കൊടുക്കാന്‍ തയ്യാറാകുമ്പോഴാണ് ഈ ഉദ്യോഗസ്ഥ വീഴ്ച. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്നായിരുന്നു ജില്ലയുടെ ചുമതലുള്ള മന്ത്രി ജി സുധാകരന്‍റെ പ്രതികരണം.

മഴയൊന്ന് ശക്തമായി പെയ്ത് തുടങ്ങിയാല്‍ വീണ്ടും ഇവരുടെ ജീവിത ദുരിതം ഇരട്ടിയാവും. ആരോട് ചോദിക്കണം എന്ന് പോലും അറിയാതെ കഷ്ടപ്പെടുകയാണ് കുട്ടനാട്ടിലെ ഈ പാവങ്ങള്‍.