ഓണ വിപണി ലക്ഷ്യമിട്ട് അങ്കമാലിയിൽ ഹോളോ ബ്രികിസ് യൂണിറ്റിന്റെ മറവിൽ സൂക്ഷിച്ച 1350 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. കർണാടകയിൽ നിന്ന് എത്തിച്ച സ്പിരിറ്റുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കൊച്ചി: ഓണത്തിന് വ്യാജ മദ്യമുണ്ടാക്കാൻ എത്തിച്ച 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി എക്സൈസ്. എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ഹോളോ ബ്രികിസ് യൂണിറ്റിന്‍റെ മറവിൽ വ്യാജമദ്യം നിര്‍മിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെ ആയിരുന്നു സ്പിരിറ്റ് വേട്ട. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

അങ്കമാലിയിലെ കോതകുളങ്ങരയിൽ നിന്നാണ് 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. കര്‍ണാടകത്തിലെ ഹുബ്ലിയിൽ നിന്നാണ് സ്പിരിറ്റ് എത്തിച്ചത്. രണ്ട് വാഹനത്തിലായി സ്പിരിറ്റ് എത്തിച്ചത് അങ്കമാലിയിലെ പൂട്ടി കിടക്കുന്ന ഹോളോബ്രിക്സ് ഗോഡൗണിലേക്കാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് റെയ്ഡ് നടത്തി. 39 കന്നാസുകളിൽ സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തി. രണ്ടു പേരെ എക്സൈസ് പിടികൂടി. കൂട്ടുപ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. വ്യാജ മദ്യം നിര്‍മിച്ച് വിൽക്കാൻ പാകത്തിനുള്ള കുപ്പികൾ, സ്പിരിറ്റ് അളക്കുന്ന ഉപകരണം എന്നിവയെല്ലാം വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി.

ഓണം വിപണി മുന്നിൽ കണ്ട് വ്യാജമദ്യമുണ്ടാക്കാൻ ആയിരുന്നു പ്രതികളുടെ തയ്യാറെടുപ്പെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾ നേരത്തെയും ലഹരിക്കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് സ്ഥിരീകരിച്ചു. സ്പിരിറ്റ് വന്ന വഴിയേ അന്വേഷണം നീങ്ങുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ലഹരിക്കെതിരായ സ്പെഷ്യൽ ഓപ്പറേഷൻ ഓണക്കാലത്ത് ശക്തമായി തുടരും. രാത്രിയിൽ പട്രോളിങ് ശക്തമാക്കുമെന്നും എക്സൈസ് അറിയിച്ചു.