കേരളത്തിലേയ്ക്ക് കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ സംഘം പിടിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും കമ്പംമെട്ടില്‍ അറസ്റ്റിലായി

ഇടുക്കി: കേരളത്തിലേയ്ക്ക് കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ സംഘം പിടിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും കമ്പംമെട്ടില്‍ അറസ്റ്റിലായി. വ്യാജ ചെക്ക് പോസ്റ്റ് ഉപയോഗിച്ച് കമ്പംമെട്ട് ചെക്‌പോസ്റ്റ് വഴി തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ കടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ അറസ്റ്റിലായത്. 

രഹസ്യ വിവരത്തെ തുടര്‍ന്ന്, തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ ആപ്പ് ഉപയോഗിച്ച് ഓരോ പാസും കൃത്യമായി പരിശോധിയ്ക്കുകയായിരുന്നു. ആപ്പില്‍ വിവരങ്ങള്‍ ലഭ്യമല്ലാത്ത സര്‍ട്ടിഫിക്കേറ്റുമായി എത്തിയ രണ്ട് പേരെ കമ്പംമെട്ട് പോലിസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇവരെ ചോദ്യം ചെയ്തതോടെയാണ് കമ്പം, തേവാരം മേഖലകളില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നവരെ കുറിച്ച് വിവരം ലഭിച്ചത്. 

കമ്പം നോര്‍ത്ത് സ്വദേശി വിജയകുമാര്‍, തേവാരം പന്നൈപ്പുറം സ്വദേശി വേല്‍മുരുകന്‍ എന്നിവരെ കമ്പംമെട്ട് പൊലിസ് അറസ്റ്റ് ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും ഫോണും പിടികൂടി. വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് ഉത്തമ പാളയം സ്വദേശികളായ സതീഷ്‌കുമാര്‍, മുരുകന്‍ എന്നിവരെയാണ് പിടികൂടിയത്.