വോട്ടർമാരെ അറിയാത്തവരാണ് സ്ഥാനാർഥികളുടെ പോളിങ് ഏജൻ്റുമാരായി ഉണ്ടായിരുന്നതെന്നാണ് സംഭവം സൂചിപ്പിക്കുന്നത്.
തൃശൂർ: തളിക്കുളം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ബൂത്ത് നമ്പർ 2ൽ കള്ളവോട്ട് ചെയ്തു. ഇയാളെ പിടികൂടാനായില്ല. അറക്കവീട്ടിൽ സക്കീർ ഭാര്യ മൊഹ്‌സിനയുടെ വോട്ടാണ് മറ്റൊരു വ്യക്തി ചെയ്ത് മടങ്ങിയത്. രാവിലെ എട്ടരയ്ക്ക് യഥാർഥ വോട്ടർ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് അതിനു മുമ്പേ വോട്ട് ചെയ്തതായി അറിഞ്ഞത്. വോട്ടർമാരെ അറിയാത്തവരാണ് സ്ഥാനാർഥികളുടെ പോളിങ് ഏജൻ്റുമാരായി ഉണ്ടായിരുന്നതെന്നാണ് സംഭവം സൂചിപ്പിക്കുന്നത്.
പോളിങ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിലും കുറ്റകരമായ വീഴ്ച വരുത്തിയിട്ടുണ്ട്. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ യഥാർഥ വോട്ടർക്ക് ബാലറ്റ് പേപ്പർ നൽകി ടെൺഡേർഡ് വോട്ട് ചെയ്ത് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ വോട്ട് ലഭിക്കുന്ന രണ്ട് സ്ഥാനാർഥികൾക്ക് തുല്യ വോട്ടാണെങ്കിൽ മാത്രമാണ് കവറിലാക്കി സൂക്ഷിച്ച വോട്ട് എണ്ണുക. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തളിക്കുളം13-ാം വാർഡിലും കള്ളവോട്ട് നടന്നിരുന്നു.
