മൂന്നാര്‍ ഇക്കാനഗറില്‍ താമസിക്കുന്ന 62 കുടുംബങ്ങള്‍ കുടിയിറക്ക് ഭീക്ഷണിയില്‍. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമി വൈദ്യുതിവകുപ്പ് അധികൃതര്‍ വേലികെട്ടിതിരിക്കുകയാണെന്ന് ആരോപിച്ച് താമസക്കാര്‍ ദേവികുളം സബ് കളക്ടര്‍ക്കും റവന്യു പ്രിന്‍സിപ്പിള്‍ സെക്രട്ടറിക്കും പരാതി നല്‍കി. വൈദ്യുതി വകുപ്പ് ഭൂമിക്ക് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെട്ട് റവന്യുവകുപ്പിന് അപേക്ഷനല്‍കിയത് 2019-ല്‍.

ഇടുക്കി: 1941-ലാണ് പിഎച്ച്ഇ ക്വാറി പ്രജക്ടിനായി കെഎസ്ഇബിക്ക് സര്‍ക്കാര്‍ 16.4 ഏക്കര്‍ ഭൂമി സര്‍വ്വെ നംമ്പര്‍ 843-ല്‍ കണ്ടെത്തി വിട്ടുനല്‍കിയത്. എന്നാല്‍ കരം അടക്കുന്നതിനോ പോക്കുവരവ് നടത്തുന്നതിനോ അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല എണ്‍പതുവര്‍ഷം പൂര്‍ത്തിയായിട്ടും പദ്ധതി സാക്ഷാല്‍കരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഇതിനിടെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയടക്കമുള്ള കെട്ടിടങ്ങള്‍ ഭൂമിയില്‍ നിര്‍മ്മിക്കുകയും അത്തരം കെട്ടിടങ്ങള്‍ക്ക് റവന്യുവകുപ്പ് പട്ടയം നല്‍കുകയും ചെയ്തു. 

സമീപങ്ങളില്‍ താമിക്കുന്ന 62 ഓളം വരുന്ന താമസക്കാര്‍ പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. വൈദ്യുതി വകുപ്പിന്റെ ഭൂമിയെന്ന് പറഞ്ഞാണ് നിലവില്‍ പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യറാകാത്തതെന്ന് ഇവരുടെ അഭിഭാഷക അഡ്വ. ഷിബി പറയുന്നു. കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഭൂമിയില്‍ വൈദ്യുതി വകുപ്പ് വേലി നിര്‍മ്മാണവും ആരംഭിച്ചു. 

പ്രൊജക്ടിനായി അനുവദിച്ച ഭൂമിയടക്കം 28 ഏക്കറോളം വരുന്ന ഭൂമിയിലാണ് വേലി നിര്‍മ്മാണം. ഒന്നരക്കോടി രൂപയാണ് നിര്‍മ്മാണത്തിനായി വകുപ്പ് വകയിരുത്തിയിരിക്കുന്നത്. വേലി നിര്‍മ്മിക്കുന്നതോടെ വര്‍ഷങ്ങളായി താമസിക്കുന്ന പലരും കുടിയിറക്കപ്പെടുകയും ചെയ്യും. ഇതോടെയാണ് പ്രദേശവാസികള്‍ ദേവികുളം സബ് കക്ടറര്‍ക്കും റവന്യു കമ്മീഷണര്‍ക്കും പരാതി നല്‍കിയത്. വേലി നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, താമസക്കാരുടെ സാനിധ്യത്തില്‍ വൈദ്യുതി വകുപ്പിന്റെ ഭൂമി അളന്നുതിരിച്ച് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.