ഇരിങ്ങാലക്കുട കല്ലംകുന്ന് സ്വദേശി അശോകന്‍ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ചത്. 51 വയസായിരുന്നു

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്കിനെതിരെ കുടുംബം രംഗത്തെത്തി. ജപ്തി ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് മരിച്ച അശോകന്‍റെ കുടുംബം ആരോപിച്ചു. ബാങ്ക് നിയമ നടപടി തുടങ്ങിയിരുന്നില്ലെന്നും ആത്മഹത്യയില്‍ ബാങ്കല്ല ഉത്തരവാദിയെന്നും സഹകരണ ബാങ്ക് സെക്രട്ടറി പറഞ്ഞു.

ഇരിങ്ങാലക്കുട കല്ലംകുന്ന് സ്വദേശി അശോകന്‍ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ചത്. 51 വയസായിരുന്നു. കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയാണ് അശോകന്‍റെ മരണത്തിന് ഉത്തരവാദിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അശോകന്‍റെ കുടുംബം ബാങ്കിൽ നിന്നും 2019 ൽ 3,10,000 രൂപ വായ്പയെടുത്തിരുന്നു. വീട് പണി പൂര്‍ത്തിയാക്കാനാണ് വായ്പ എടുത്തത്. വീട് പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പദ്ധികള്‍ക്കായി അപേക്ഷ നല്‍കിയിരുന്നു. എന്നാൽ ഒന്നും അനുവദിച്ച് കിട്ടാതെ വന്നതോടെയാണ് വായ്പയെടുത്തത്.

ആദ്യ ഘട്ടത്തില്‍ വായ്പ തിരിച്ചടച്ചിരുന്നു. എന്നാൽ കൊവിഡ് കാലമായതോടെ കുടുംബം പ്രതിസന്ധിയിലായി. ജോലി ഇല്ലാതായതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. നാല് മാസം മുമ്പും ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. വിദ്യാര്‍ത്ഥിയായ മകനും ഭാര്യയും അടങ്ങുന്നതാണ് കുടുംബം. ഒടുവില്‍ ബാങ്ക് അധികൃതര്‍ വീട്ടിലെത്തി വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്നുമാണ് അശോകന്റെ ഭാര്യ പ്രമീള പറയുന്നത്. 'കുടുംബം നോക്കിയിരുന്ന ആളായിരുന്നു. നിവൃത്തിയില്ലാതെ ആയപ്പോഴാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. മൂന്നാളും ഒരുമിച്ച് മരിക്കാനായിരുന്നു തീരുമാനം. അതിന് മുന്നേ ആള് പോയി,'- പ്രമീള പറഞ്ഞു.

എന്നാല്‍ ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങിയിരുന്നില്ലെന്നാണ് സെക്രട്ടറി ഗണേശന്‍ വിശദീകരിക്കുന്നത്. നാലു മാസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. അതിന് മുമ്പാണ് വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് വീട്ടില്‍ പോയി കണ്ടിരുന്നതെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്