ഫോർട്ട് കൊച്ചിയിൽ കാൽവിരലിൽ ആണി തുളഞ്ഞുകയറിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച 12കാരന് ചികിത്സ നിഷേധിച്ചതായി പരാതി. ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിക്കെതിരെ കുട്ടിയുടെ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്.

മട്ടാഞ്ചേരി: കളിക്കുന്നതിനിടെ കാൽവിരലിൽ ആണി തുളഞ്ഞുകയറിയ 12കാരന് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് പരാതി. മട്ടാഞ്ചേരി പുതുക്കാട്ടുപറമ്പിൽ താമസിക്കുന്ന നാസറിന്റെ മകൻ മുഹമ്മദ് (12) ആണ് ചികിത്സ നിഷേധിച്ചതായി ആരോപണമുയർന്നത്.

ശനിയാഴ്ച വൈകിട്ട് വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് മുഹമ്മദിന്റെ കാൽവിരലിൽ ആണി തുളച്ചുകയറിയത്. വിരലിന്റെ ഒരു ഭാഗത്തുകൂടി കയറിയ ആണി മറുഭാഗത്തുകൂടി പുറത്തേക്ക് എത്തിയിരുന്നു. ചോര വാർന്ന നിലയിൽ കുട്ടിയെ ഉടൻ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

എന്നാൽ, ഇവിടെ ചികിത്സ നൽകാതെ എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടതെന്ന് പറഞ്ഞ് മടക്കിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. കുട്ടിയെ ആശ്വസിപ്പിക്കുന്നതിനോ ആംബുലൻസ് സൗകര്യം ഒരുക്കുന്നതിനോ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടു. തുടർന്ന് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ മിനിറ്റുകൾക്കകം ആണി പുറത്തെടുത്ത് ചികിത്സ നൽകുകയായിരുന്നു.