ബീച്ചിലെത്തിയ നവദമ്പതികള്‍ അടങ്ങുന്ന കുടുംബത്തെ ആക്രമിക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. 

ആലപ്പുഴ: ബീച്ചിലെത്തിയ നവദമ്പതികള്‍ അടങ്ങുന്ന കുടുംബത്തെ ആക്രമിക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ നാല് യുവാക്കൾ അറസ്റ്റിൽ. രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. വലിയഴീക്കൽ കരിയിൽ കിഴക്കതിൽ അഖിൽ (19), തറയിൽക്കടവ് തെക്കിടത്ത് അഖിൽദേവ് (അനിമോൻ–18), തഴവ കടുത്തൂർ അമ്പാടിയിൽ ശ്യാം (20), സഹോദരൻ ശരത് (20) എന്നിവരാണ് അറസ്റ്റിലായത്. 

ഞായറാഴ്ച വൈകീട്ട് ആറാട്ടുപുഴ വലിയഴീക്കലിലെ ബീച്ച് സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിലെ യുവതിയോട് പ്രതികളില്‍ ഒരാൾ അപമര്യാദയായി പെരുമാറി. ഇത് തടഞ്ഞ ഭർത്താവിനെയും ഭർതൃസഹോദരനെയും അക്രമികള്‍ മർദിക്കുകയും മത്സ്യം കുത്തിയെടുക്കുന്ന കമ്പി ഉപയോഗിച്ചു കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. കൂടാതെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ സ്വർണമാലയും അക്രമിസംഘം പൊട്ടിച്ചെടുത്തു. കടപ്പുറത്ത് നിരവധി പേര്‍ ഉണ്ടായിരുന്നെങ്കിലും ആരും സഹായിക്കാനെത്തിയില്ലെന്ന് കുടുംബം പറയുന്നു.

അക്രമികളിൽ നിന്നു രക്ഷപ്പെട്ട് കാറിലും രണ്ട് ബൈക്കിലുമായി മടങ്ങിയ കുടുംബത്തെ, മറ്റു രണ്ടു പേരെക്കൂടി വിളിച്ചുവരുത്തി അക്രമികൾ പിന്തുടർന്നു. ബൈക്കിലെത്തിയ സംഘം കൊച്ചീടെജെട്ടി പാലത്തിൽ വെച്ച് നവദമ്പതികളെ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തുവെന്നും പരാതിയുണ്ട്. യുവാവിനെ പിന്നിൽ നിന്നു പിടിച്ചുനിർത്തിയ ശേഷം, യുവതിയുടെ വസ്ത്രം വലിച്ചുകീറി. ഇവർ രണ്ടു പേരും ചികിത്സയിലാണ്. ഒൻപതു ദിവസം മുൻപു വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. തൃക്കുന്നപ്പുഴ എസ്ഐ പി.ടൈറ്റസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് വിളിച്ചുവരുത്തിയ രണ്ടുപേരാണ് ഇപ്പോള്‍ ഒളിവിലുള്ളത്.