വഴിയില്‍ നിന്ന് മദ്യപിക്കുകയായിരുന്ന സംഘം അതുവഴി എത്തിയ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത കാര്‍ത്തികേയനെ പ്രതികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
മാവേലിക്കര: ആലപ്പുഴ കൊറ്റാറുകാവില്‍ വീടുകയറി ആക്രമണം. മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസിനെ വെട്ടിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. കൊറ്റാര്‍കാവ് പനയന്നാമുറിയില്‍ കാര്‍ത്തികേയന്‍(65), ഭാര്യ ഉഷ(60) മകള്‍ ശ്രീകല, മരുമകന്‍ ദേവന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊറ്റാര്‍കാവില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ ഐ.റ്റി.ഐയിലേക്കുള്ള വഴിയില്‍ നിന്ന് മദ്യപിക്കുകയായിരുന്ന സംഘം അതുവഴി എത്തിയ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത കാര്‍ത്തികേയനെ മദ്യപസംഘത്തില്‍ ഉണ്ടായിരുന്ന കല്ലുമല സ്വദേശിയായ വര്‍ഗീസ് എന്നയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വീടുകയറി അക്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് മാവേലിക്കര പൊലീസ് സ്‌റ്റേഷനില്‍ നിന്നും എ.എസ്.ഐയും പൊലീസുകാരനും സ്ഥലത്തെത്തി ആക്രമണം തടയുകയായിരുവന്നു. പൊലീസിനെ കണ്ട് രണ്ട് പ്രതികള്‍ അവിടെ നിന്നും രക്ഷപെട്ടു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി വര്‍ഗീസിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. എന്നാല്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ എടുക്കാനായി എത്തിച്ച വര്‍ഗീസ് പൊലീസുകാരെയും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരയും വെട്ടിച്ചു കടന്നുകളഞ്ഞതായി പ്രദേശവാസികള്‍ പറഞ്ഞു.
ആക്രമണത്തില്‍ പോര്‍ച്ചില്‍ കിടന്ന മാരുതി സെലേറിയോ കാറിന്റെ ചില്ലുകളും വീടിന്റെ പ്രധാന വാതിലും ചെടിച്ചട്ടികളും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ലെന്നും ആശുപത്രിയിലാക്കിയ ശേഷമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തതെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ മാവേലിക്കര പോലീസ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ട്.
