കൽപറ്റ: മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട് ആട്ടിൻ കൂട്ടിൽ അഭയം തേടിയിരിക്കുകയാണ് വയനാട് നടവയലിലെ ഒരുകുടുംബം. വയനാട് പാതിരിയമ്പം ആദിവാസി കോളനിയിലെ വേണുവും ഗീതയും മൂന്ന് മക്കളുമാണ് ഒറ്റമുറി ഷെ‍ഡ് പ്രളയത്തിൽ തക‍ര്‍ന്നതിനെ തുടർന്ന് ആട്ടിൻ കൂട്ടിലേക്ക് താമസം മാറ്റിയത്. മൂന്ന് ദിവസമാണ് കുടുംബം ആട്ടിൽ കൂട്ടിൽ കഴിഞ്ഞത്.

തലയ്ക്ക് മീതെ നരസിപുഴ കര കവിഞ്ഞെത്തിയപ്പോൾ എല്ലാം ഉപേക്ഷിച്ച് ഓടിപ്പോയതാണ് ഗീതയും ഭ‍ര്‍ത്താവും മൂന്ന് മക്കളും. തിരികെയെത്തിയപ്പോൾ ബാക്കിയുണ്ടായിരുന്നത് ചളിയിൽ പുതഞ്ഞ കുറച്ച് പാത്രങ്ങളും വസ്ത്രങ്ങളും മാത്രമായിരുന്നു. മഴ നനയാതെ അന്തിയുറങ്ങാൻ മുന്നിലുണ്ടായിരുന്നത് വീട്ടിലെ ആട്ടിൻ കൂടായിരുന്നു.

സർക്കാ‍ർ പദ്ധതിയിലുൾ ഉൾപ്പെടുത്തി കോളനിക്കാർക്ക് മുൻപ് കിട്ടിയതാണ് ഈ ആട്ടിൻ കൂട്. പഴയ കൂരയുണ്ടായിരുന്നിടത്ത് രണ്ട് ദിവസം മുൻപ് ഒരു ഷെഡ് കെട്ടി. ഇപ്പോൾ ആ ഒറ്റമുറി കൂരയിലാണ് അഞ്ചംഗ കുടുംബം താമസിക്കുന്നത്. വീട് വച്ചു നൽകാൻ മൂന്നര ലക്ഷം രൂപയുടെ സർക്കാ‍ർ സഹായം മൂന്ന് വർഷം മുൻപ് പാസായതാണ്.

പണി ഏറ്റെടുത്ത കരാറുകാരൻ ആദ്യ ഗ‍ഡുവായ 52000 രൂപ കൈപറ്റിയിരുന്നു. എന്നാൽ, തറയ്ക്കായി കുഴിയെടുത്തതിന് ശേഷം കരാറുകാരൻ പിന്നീട് ആ വഴിക്ക് വന്നിട്ടില്ലെന്ന് ​ഗീത പറയുന്നു. ഗീതയുടെ പക്കൽ നിന്ന് മാത്രമല്ല, കോളനിയിലെ മറ്റ് മൂന്ന് കുടുംബങ്ങളിൽ നിന്നും കരാറുകാരൻ പണം പറ്റിയിട്ടുണ്ട് കോളനിക്കാർ പറഞ്ഞു.

 അതേസമയം, കരാറുകാരനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ട്രൈബൽ ഓഫിസർ ശ്രീകല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോളനിക്കാർക്ക് വീട് പണിത് കൊടുക്കാത്ത  കരാറുകാരന്റെ അനസ്ഥയെ വളരെ ​ഗുരുതരമായ പ്രശ്നമായി തന്നെയാണ് കാണുന്നത്. കരാറുകാരനെതിരെ ടിഡിഎയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ശ്രീകല വ്യക്തമാക്കി.