ആലപ്പുഴ: വീട്ടിലേക്കുള്ള വഴി തുറന്നുകിട്ടാൻ കുടുംബസമേതം  കളക്ടറേറ്റിന് മുന്നിലെ പൊരിവെയിലിൽ നിൽപ്പ് സമരം. ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ ഏഴാം വാർഡിൽ രജു, ഭാര്യ സുലത, ദേവനന്ദ, ഗൗരി നന്ദ ഇവരാണ് വീട്ടിലേക്കുള്ള വഴി തുറന്നുകിട്ടാൻ സമരവുമായി ആലപ്പുഴ കളക്ടറേറ്റിന് മുന്നിലെ പൊരിവെയിലിൽ നിൽപ്പ് സമരം നടത്തിയത്.

കുടുംബപരമായി ഉണ്ടായിരുന്ന ഒമ്പത്  സെൻ്റ് പുരയിടത്തിൽ സർക്കാരിൻ്റെ ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച ആനുകൂല്യത്തിൽ കെട്ടിത്തുടങ്ങിയ വീടിൻ്റെ വാർക്കയെത്തിയപ്പോഴേക്കും അയൽവാസി അതുവരെ ഉണ്ടായിരുന്ന നടപ്പുവഴി അടച്ച് മതിൽ കെട്ടി. 

പുരയിടത്തിലേക്കെത്താനോ വീടുപണിക്കോ പറ്റാത്ത വിധം മതില് കെട്ടിയതോടെ  രാജുവും കുടുംബവും സഹോദരിയുടെ കാരുണ്യത്തിൽ സമീപത്ത് താത്കാലിക ഷെഡിൽ താമസമാക്കി. തുടർന്നങ്ങോട്ട് മാസങ്ങളോളം വഴിക്കായി നിരന്തരമായ ശ്രമങ്ങൾ തുടർന്നെങ്കിലും വഴി തുറന്നില്ല. കടബാധ്യതയിലായ സഹോദരിക്ക് താത്കാലിക ഷെഡ് കെട്ടിയ സ്ഥലം വിൽക്കേണ്ട സ്ഥിതിയായപ്പോൾ മറ്റ് മാർഗമില്ലാതെ രാജുവും കുടുംബവും ആലപ്പുഴ കളക്ടറേറ്റിന് മുന്നിലെത്തിയത്.