കോഴിക്കോട്: വീട്ടുവളപ്പിലെ കവുങ്ങിൽ നിന്ന് തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വിമുക്തഭടൻ ഷോക്കേറ്റ് മരിച്ചു. കണ്ണങ്കര ഐശ്വര്യയിൽ വാളിപ്പുറത്ത് കൃഷ്ണൻ (67) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കവുങ്ങിൽ ഏണിവച്ച് കുറച്ചുദൂരം കയറിയ കൃഷ്ണൻ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുകയായിരുന്നു. അടയ്ക്കാ കുലയുടെ ഭാരം കൊണ്ട് തോട്ടിമറിഞ്ഞ് സമീപത്തെ 11 കെ.വി. ലൈനിൽ പതിച്ചാണ് ഷോക്കേറ്റത്.

കവുങ്ങിൽ നിന്ന് വീഴാതിരിക്കാൻ കവുങ്ങിനോട് ചേർത്ത് അര കെട്ടിയിരുന്നു. ഷോക്കേറ്റ കൃഷ്ണനെ നാട്ടുകാർ ചേർന്ന് താഴെയിറക്കി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വനജ. മക്കൾ:ടിന്റു (ചെന്നൈ ), വിന്റുരാജ്(ഗവ. പോളിടെക്നിക്ക്, കണ്ണൂർ), മരുമകൾ: ശ്രുതി (തലശ്ശേരി), സഹോദരങ്ങൾ: ദാമോദരൻ, വിശ്വൻ, സുധാകരൻ, പ്രസന്ന, പരേതയായ പുഷ്പ. സംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.