ഇടുക്കി: നട്ടുവളര്‍ത്തി പരിപാലിച്ച പച്ചക്കറി കൃഷിയുടെ ലാഭം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് കര്‍ഷക മാതൃക. കൊവിഡ് കാലത്ത് കുടുംബമൊന്നാകെ അധ്വാനിച്ച് വിളയിച്ചെടുത്തതിന്റെ ലാഭം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് കര്‍ഷക കുടുംബം മാതൃകയായത്. എല്ലപ്പെട്ടിയിലെ കര്‍ഷകനായ വിജിയുടെയും കുടുംബത്തിന്റെയും അധ്വാനത്തിന്റെ ഫലമാണ് സഹായമായി ദുരിതാശ്വാസനിധിയിലെത്തിയത്. 

ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, മൂന്നാര്‍ ഡിവൈഎസ്‍പി എം.രമേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന നല്‍കിയത്. കൊവിഡ് കാലത്ത് കഷ്ടതയനുഭവിക്കുന്നവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് മൂന്നു മാസം കാത്തു പരിപാലിച്ച പച്ചക്കറി കൃഷിയുടെ ലാഭം മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ പ്രേരണയായതെന്ന് കര്‍ഷകനായ വിജി പറയുന്നു. 

കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയുടെ ഭാഗമായി എല്ലപ്പെട്ടി എസ്റ്റേറ്റിലെ വെസ്റ്റ് ഡിവിഷന്‍ സ്വദേശിയായ വിജിയും കുടുംബവുമാണ് കൊവിഡ് കാലത്ത് പ്രതിസന്ധി കാലഘട്ടത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കു വേണ്ടി വിളനിലമൊരുക്കിയത്. വിജി ഭാര്യ ദയാളം, മക്കളായ ബനഡിക്ട്, സിമയോന്‍, ബെല്‍സ്യ, വിജിയുടെ മാതാവ് രത്തിനം എന്നിവരുടെ അധ്വാനമാണ് ദുരിതബാധിതകര്‍ക്ക് സഹായകരമായത്. 

മൂന്നുമാസത്തെ അധ്വാനം കൊണ്ട് വിളയിച്ചെടുത്ത കാബേജില്‍ നിന്ന് ലഭിക്കുന്ന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. വിളവെടുത്ത് കാബേജ്, കര്‍ഷകര്‍ എംഎല്‍എ യ്ക്കും സബ് കളക്ടറിനും കൈമാറി. കാബേജിന് വിലയായി ലഭിച്ച പതിനയ്യായിരം രൂപയാണ് നിധിയിലേക്ക് സംഭാന നല്‍കിയത്. ഹോര്‍ട്ടികോര്‍പ്പ് വഴിയാണ് കാബേജ് സംഭരിച്ചത്. 

കാബേജ് ഏറ്റെടുത്ത് ഹോര്‍ട്ടികോര്‍പ്പ് അസിസ്റ്റന്റ് മാനേജര്‍ ജിജോ രാധാകൃഷ്ണന്‍ തുക കര്‍ഷകര്‍ക്ക് കൈമാറുകയും ആ തുക കര്‍ഷകര്‍ എംഎല്‍എയെ ഏല്‍പ്പിക്കുകയും ചെയ്തു. കൊവിഡ് കാലത്തെ പ്രതിസന്ധിഘട്ടത്തില്‍ കര്‍ഷകന്‍റെ നന്മയെ എംഎല്‍എയും സബ് കളക്ടറും, ഡിവൈഎസ്‍പിയുമെല്ലാം അഭിനന്ദിക്കുകയും ചെയ്തു. മണ്ണിനോട് പോരാടി വിയര്‍പ്പുകണങ്ങള്‍ ചിന്തി വിളവെടുക്കുന്ന കര്‍ഷകന്റെ മനസ്സ് കൊവിഡ് കാലത്ത് നന്മയുടെ നൂറുമേനി വിളയിക്കുകയാണ്.