കോഴിക്കോട്: കാട്ടുപന്നിശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട്  ഒറ്റയാള്‍സമരം നടത്തി കര്‍ഷകന്‍ എം എ ജോസഫ്. മലയോര മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നിശല്യത്തിന് പരിഹാരം കാണണമെന്നും കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമാണ് കൂടരഞ്ഞിയിയിലെ കര്‍ഷകനായ എം എ ജോസഫ്  താമരശ്ശേരി ഫോറസ്റ്റ റേഞ്ച് ഓഫീസിനു മുമ്പില്‍  ഒറ്റയാള്‍ സമരം നടത്തുന്നത്. മൂന്നു ദിവസമായി തുടരുന്ന സമരത്തിന് വിവിധ കര്‍ഷക സംഘടന പ്രതിനിധികള്‍ അഭിവാദ്യമര്‍പ്പിച്ചു.

കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമായി അവയെ ക്ഷുദ്രജീവി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച് ദില്ലിയിലെ സമരം അവസാനിപ്പിക്കാന്‍ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ വി സെബാസ്റ്റ്യന്‍, രാജു ജോണ്‍, പി സി റഹീം, സലിം പുല്ലടി, അഡ്വ. നിഷാന്ത് ജോസ്, ബെന്നി ലൂക്ക, പി കെ ദാമോദരന്‍, തുടങ്ങിയവര്‍ സംസാരിച്ചു.