കല്‍പ്പറ്റ: കാടിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കാനെത്തുന്ന കരിവീരന്‍മാരെ തടയാന്‍ പുത്തന്‍ പ്രതിരോധമാര്‍ഗ്ഗങ്ങളുമായി കര്‍ഷകരും വനംവകുപ്പും. റെയില്‍വെ പാളങ്ങള്‍ കൊണ്ട് നിര്‍മിച്ച വേലിയും കരിങ്കല്‍ മതിലുകളും മറ്റും പരാജയപ്പെട്ടേക്കാമെന്ന ആശങ്കയില്‍ നിന്നാണ് തൂക്കുവേലി കൂടി പരീക്ഷിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നത്. വൈദ്യുതി കടത്തിവിടാന്‍ കഴിയുന്നതും അതേ സമയം ആനകള്‍ക്ക് എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയാത്തതുമാണ് ഈ പ്രതിരോധമാര്‍ഗ്ഗമെന്ന് കര്‍ഷകര്‍ പറയുന്നു. 

കര്‍ണാടകയിലെ ഗുണ്ടറ ഫോറസ്റ്റ് റേയ്ഞ്ച് അതിര്‍ത്തിയില്‍ സ്ഥാപിച്ച തൂക്കുവേലി ഫലപ്രദമാണെന്ന് കണ്ടതോടെയാണ് കബനി തീരത്തെ കര്‍ഷകരും തൂക്കുവേലി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ പങ്കാളിത്തത്തോടെ വേലി നിര്‍മാണം പുരോഗമിക്കുകയാണ്. പതിനാല് അടിയോളം ഉയരത്തില്‍ കമ്പിവലിച്ച് അതിലൂടെ നൂല്‍കമ്പി തൂക്കിയിടുന്നതാണ് നിര്‍മാണരീതി. ആനക്ക് ഇത് വേഗത്തില്‍ മറികടക്കാനോ തകര്‍ക്കാനോ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരും കര്‍ഷകരും അവകാശപ്പെടുന്നത്. 

കര്‍ണാടകയില്‍ കേബിള്‍ ഉപയോഗിച്ച് കൂടുതല്‍ ദൃഢമായാണ് തൂക്കുവേലി നിര്‍മിച്ചിരിക്കുന്നതെങ്കിലും അതിനേക്കാള്‍ ചെലവ് കുറഞ്ഞ രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്. കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ആനയിറങ്ങുന്നത് തടയാന്‍ കിടങ്ങ് അടക്കമുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളായിരുന്നു വനംവകുപ്പ് സ്വീകരിച്ച് പോന്നിരുന്നത്. എന്നാല്‍ ഇവയെല്ലാം അനായാസം ആനക്കൂട്ടം മറികടന്നു. കിടങ്ങുകള്‍ കാലക്രമേണ മണ്ണിടിഞ്ഞ് ഇല്ലാതാവുകയോ ആനകള്‍ തന്നെ വലിയ മരത്തടികള്‍ ഇട്ട് കിടങ്ങ് മറികടക്കുകയോ ചെയ്യും. 

ഫെന്‍സിങ്ങും ഇത്തരത്തില്‍ മരമോ കൊമ്പോ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു പതിവ്. കഴിഞ്ഞ വര്‍ഷം പരീക്ഷിച്ച റെയില്‍വേ പാളം കൊണ്ട് നിര്‍മിച്ച വേലിയും കരിങ്കല്‍ മതിലും ആനകള്‍ തകര്‍ത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവയുടെ നിര്‍മാണത്തിന് കോടികള്‍ ചിലവഴിക്കുമ്പോള്‍ തൂക്കുവേലിക്ക് ഒരുകിലോമീറ്ററിന് അഞ്ചുലക്ഷം രൂപ മാത്രമെ ചെലവ് വരുന്നുള്ളുവെന്നതാണ് തൂക്കുവേലിയുടെ മറ്റൊരു പ്രത്യേകത.