വിറ്റ പച്ചക്കറിയുടെ ബില്ല് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നല്‍കിയാല്‍ പണം കിട്ടുമെന്നായിരുന്നു ഓണക്കാലത്ത് കൃഷിമന്ത്രിയുടെ വാഗ്ദാനം. ഒന്നും നടന്നില്ലെന്നു മാത്രമല്ല മാസം ആറു കഴിഞ്ഞിട്ടും കൊടുത്ത പച്ചക്കറിയുടെ വിലയ്ക്കായി കാത്തിരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍

ഇടുക്കി: കഴിഞ്ഞ ഓണക്കാലത്ത് കൊടുത്ത പ‍ച്ചക്കറിയുടെ പണം പോലും ലഭിക്കാത്തതോടെ ഇനി ഹോർട്ടികോർപ്പിന് വില്‍ക്കില്ലെന്ന നിലപാടുമായി ഇടുക്കി വട്ടവടയിലെ പച്ചക്കറി കര്‍ഷകര്‍. കുടിശിക ബാങ്കിലുടെ നൽകുമെന്ന് കൃഷിമന്ത്രിയടക്കം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നാണ് ഇവരുടെ ആരോപണം. കുടിശിക നല്‍കാനുണ്ടെന്നും ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും ഹോര്ട്ടികോര‍്പ്പ് പ്രതികരിച്ചു

ഹോർട്ടികോർപ്പിന് പ‍ച്ചക്കറി വിൽക്കുന്നവർക്ക് ഉടന്‍ പണം. വിറ്റ പച്ചക്കറിയുടെ ബില്ല് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നല്‍കിയാല്‍ പണം കിട്ടും. ഇതോക്കെയായിരുന്നു ഓണക്കാലത്ത് കൃഷിമന്ത്രിയുടെ വാഗ്ദാനം. ഒന്നും നടന്നില്ലെന്നു മാത്രമല്ല മാസം ആറു കഴിഞ്ഞിട്ടും കൊടുത്ത പച്ചക്കറിയുടെ വിലക്കായി കാത്തിരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ചോദിച്ചു മടുത്തതോടെ വട്ടവടയിലെ കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന്‍റെ പച്ചക്കറി എടുക്കാനെത്തിയ വണ്ടി തടഞ്ഞു. ഇനി വട്ടവടയിലേക്ക് വരേണ്ടെന്ന് മുന്നറിപ്പ് നല്‍കിയാണ് തിരിച്ചുവിട്ടത്.

പച്ചക്കറി പൊതുവിപണയില്‍ വില്‍ക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഹോര്‍ട്ടികോർപ്പ് നല്‍കുന്നത്ര വില പൊതുവിപണയില്‍ ലഭിക്കില്ലെങ്കിലും പണം വേഗത്തിൽ കിട്ടുമെന്നതാണ് തീരുമാനത്തിന് കാരണം. ലക്ഷങ്ങളുടെ കുടിശിക ഉണ്ടെന്ന് ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. ഫെബ്രുവരി 15ന് മുമ്പ് ഇതെല്ലാം കോടുത്തുതീര്‍ക്കുമെന്നാണ് ഇവരുടെ വാക്ക്. മുഴുവന്‍ കിട്ടിയ ശേഷം ഇനി കുടിശിക ഉണ്ടാക്കില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രം തീരുമാനം പുനപരിശോധിച്ചാല്‍ മതിയെന്നാണ് കര്‍ഷകരുടെ നിലപാട്.