'പാല് കൂടുതല്‍ കിട്ടും, ചോളത്തണ്ടില്ലെങ്കില്‍ ഞങ്ങള്‍ പ്രതിസന്ധിയിലാകും'; ജൈവ കാലിത്തീറ്റകടത്ത് നിരോധനത്തില്‍ വയനാട്ടില്‍ ആശങ്ക
സുല്‍ത്താന്‍ബത്തേരി: പാലക്കാടിന് പുറമെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുള്ള ജില്ലയാണ് വയനാട്. ഇപ്പോള്‍ കര്‍ണാടക സംസ്ഥാനം എടുത്ത ഒരു തീരുമാനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍. കൊവിഡിന് ശേഷം ചെറുകിട സംരംഭം എന്ന നിലക്ക് ഫാമുകള്‍ നിര്‍മിച്ചവരാണ് കഴിഞ്ഞ ദിവസം എത്തിയ തീരുമാനത്തില്‍ ശരിക്കും വെട്ടിലായിരിക്കുന്നത്.
ജൈവ കാലിത്തീറ്റയെന്ന നിലയില്‍ വയനാട്, കോഴിക്കോട് ജില്ലകളിലേക്ക് എത്തിച്ച് ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ കൊണ്ടുവരുന്നതിന് ചാമ് രാജ് നഗര്‍ ജില്ല ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. കര്‍ണാടകയില്‍ മഴ കുറയുകയും വരള്‍ച്ച ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ് നിയന്ത്രണമെന്നാണ് വിവരം.
കാലിത്തീറ്റ കൊണ്ടുവരുന്നതിന് നിയന്ത്രണം വന്നതോടെ ശരിക്കും വെട്ടിലായിരിക്കുന്നത് വയനാട്ടിലെ ക്ഷീരകര്‍ഷകരാണ്. ചോളത്തണ്ട്, ചോളം, വൈക്കോല്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ വയനാട്ടിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. നിരവധി പേര്‍ തൊഴിലെടുക്കുന്ന മേഖലയാണ് കൂടിയാണ് ഇത്. ഇവരുടെ തൊഴിലിനെയും നിരോധനം ബാധിച്ചിരിക്കുകയാണ്. ചോളത്തണ്ട് ചോളം തുടങ്ങിയവയുടെ വരവ് എന്നേക്കുമായി നിലച്ചാല്‍ തങ്ങള്‍ വലിയ പ്രതിസന്ധിയിലാകുമെന്ന് മുത്തങ്ങക്കടുത്ത നായ്‌ക്കെട്ടിയില്‍ ഡയറി ഫാം നടത്തുന്ന തോമസ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
മലയാളികള്‍ കര്‍ണാടകയില്‍ നട്ടുവളര്‍ത്തിയ പുല്ലും ചോളത്തണ്ടും കൊണ്ടുവന്നാല്‍ പോലും അതിര്‍ത്തിയില്‍ തടഞ്ഞിടുകയാണെന്ന് വ്യാപാരിയായ നായ്‌ക്കെട്ടി സ്വദേശി ആലി പറഞ്ഞു. ചോളത്തണ്ട് പച്ചപ്പ് വിടുന്നതിന് മുമ്പ് തന്നെ പശുക്കള്‍ക്ക് നല്‍കുന്നതോടെ കാലിത്തീറ്റയുടെയും പച്ച പുല്ലിന്റെയും ഗുണം ഒരുപോലെ ലഭിക്കുമെന്നിരിക്കെ നിരവധി കര്‍ഷകരാണ് ദിവസവും ചോളത്തണ്ട് ഇറക്കുന്നത്. പാലുല്‍പാദനം ഗണ്യമായി വര്‍ദ്ധിക്കുമെന്നതിനാല്‍ ഭൂരിപക്ഷം ക്ഷീരകര്‍ഷകരും പച്ചപ്പുല്ലിന് പകരം ചോളത്തണ്ടാണ് നല്‍കുന്നത്.
നിരോധനം വരുന്നതിന് മുമ്പ് എത്തിച്ച കാലിത്തീറ്റ വെച്ചാണ് ഇപ്പോള്‍ ചെറുകിട ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിരോധനം തുടര്‍ന്നാല്‍ ഫാമുകള്‍ പൂട്ടേണ്ടി വരുമോ എന്നതാണ് ആശങ്ക. കാലാനുസൃതമായി പാലിന് വില വര്‍ധിക്കാതിരിക്കുകയും അതേ സമയം ബാഗുകളില്‍ വരുന്ന കാലിത്തീറ്റക്ക് അനിയന്ത്രിതമായി വില വര്‍ധിക്കുകയും ചെയ്തതോടെ ചോളത്തണ്ടിനെയായിരുന്നു ക്ഷീരകര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. എട്ട് വര്‍ഷത്തിലധികമായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വയനാട്ടിലാകെയും കോഴിക്കോട് ജില്ലയുടെ ഏതാനും പ്രദേശങ്ങളിലേക്കും ചോളത്തണ്ട് കാലിത്തീറ്റയായി എത്തുന്നുണ്ട്.
കര്‍ണാടകയിലെ ചോളം കര്‍ഷകര്‍ മലയാളികളായ കച്ചവടക്കാരുമായി സഹകരിച്ചാണ് കാലിത്തീറ്റ എത്തിക്കുന്നത്. ചോളം വിളവെടുത്ത് ഉണക്കി വില്‍ക്കുന്നതിനേക്കാള്‍ തണ്ട് വെട്ടിവില്‍ക്കുന്നതാണ് തങ്ങള്‍ക്ക് ലാഭമെന്ന് കര്‍ണാടകയിലെ കര്‍ഷകും ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഉപജീവനത്തെ കൂടിയാണ് നിരോധനം ബാധിച്ചിരിക്കുന്നത്. ചാമ് രാജ് നഗര്‍ അധികാരികളോട് തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടണമെന്ന് കാട്ടി കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധീഖ് കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും സ്പീക്കര്‍ യു.ടി. ഖാദറിനെയും നേരില്‍ കണ്ടിരുന്നു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ചാമ് രാജ് ജില്ല അധികാരികളെ നേരില്‍ കണ്ട് പ്രശ്‌നം ബോധിപ്പിച്ചിരുന്നു. അതേ സമയം തമിഴ്‌നാട്ടില്‍ നിന്ന് ചോളതണ്ട് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇത് ചിലവേറുമെന്നതിനാല്‍ എത്ര കണ്ട് വിജയിക്കുമെന്നറിയില്ലെന്ന് കച്ചവടക്കാര്‍ പ്രതികരിച്ചു.
