തൃശൂർ: അച്ഛന്‍ ഭിത്തിയിലടിച്ച മൂന്നരവയസ്സുകാരന്‍ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. മകനെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ച ശേഷം കിണറ്റില്‍ ചാടിയ പ്രതി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. പാലക്കാട് ചിറ്റൂര്‍ അമ്പാട്ടുപാളയം നായാടിക്കോളനിയിലെ സത്യബാലന്‍ (40) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. ഈ സംഭവത്തിനുശേഷമാണ് ചികിത്സയിലുണ്ടായ മകന്‍ സനുജിത്തിൻറെ അന്ത്യം.

 മര്‍ദനമേറ്റ ഭാര്യ ജയപ്രഭ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സത്യബാലന്‍ ഭാര്യയെയും കുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ചത്. കുഞ്ഞിനെ ഭിത്തിയില്‍ അടിയ്ക്കുകയായിരുന്നു.  പിന്നീട് ഇയാള്‍ കൈവിരല്‍ മുറിച്ച് കിണറ്റില്‍ ചാടി. കിണറ്റില്‍നിന്ന് കയറ്റിയ ഇയാളെ നാട്ടുകാരാണ് ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. 

ശനിയാഴ്ച രാവിലെ ഡോക്ടര്‍ പരിശോധിച്ചശേഷം ജീവനക്കാര്‍ ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ ഇയാൾ കൂട്ടാക്കിയില്ല. ഉച്ചയ്ക്ക് 12 മണിയോടെ സത്യപാലിനെ വാര്‍ഡില്‍നിന്ന് കാണാതായി. ഒരുമണിയോടെ ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള കച്ചവടക്കാരാണ് ഇയാളെ തീകൊളുത്തിയ നിലയില്‍ കണ്ടത്. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും കത്തിക്കരിഞ്ഞിരുന്നു. മൃതദേഹം  പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.