കണ്ണൂരില്‍ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്
എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഈ സമയം കൊണ്ട് പ്രതി റോഷന്‍ ഓടി രക്ഷപ്പെട്ടു.
കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്.ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കല്‍ചിറയിലെ ഇയാളുടെ വീട്ടിലെത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകള്‍ നിലയിലെത്തി. റോഷന്റെ മുറിയ്ക്ക് മുന്നില്‍ നിന്ന് വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെയാണ് റോഷന്റെ പിതാവ് ബാബു തോമസ് ബാബു തോമസ് പെട്ടെന്ന് പൊലീസിന് നേരം വെടിയുതിര്‍ത്തത്.
എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഈ സമയം കൊണ്ട് പ്രതി റോഷന്‍ ഓടി രക്ഷപ്പെട്ടു. വെടിയുതിര്‍ത്ത ബാബു തോമസിനെ പിന്നീട് പൊലീസുകാര്‍ കീഴ്‍പ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. തോക്കിന് ലൈസന്‍സുണ്ടെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട് സ്വദേശിയായ ബാലാജിയെ ഒക്ടോബര്‍ 22ന് പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസിലെ പ്രതിയാണ് രക്ഷപ്പെട്ട റോഷന്‍. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കര്‍ണാടകത്തില്‍ ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. റോഷന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
Read also: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഇന്ന് വിധി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...