പ്ലസ്ടു പഠനകാലത്താണ് തന്റെ ആദ്യ കവിത സമാഹാരമായ 'ആഷസ് ടു ഫയർ' പ്രസിദ്ധീകരിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ എഴുതിത്തീർത്ത മുന്നൂറോളം ഇംഗ്ലീഷ് കവിതകളിൽ നിന്ന് തെരഞ്ഞെടുത്ത 75 കവിതകളുടെ സമാഹാരമായിരുന്നു ആഷസ് ടു ഫയർ.
മാന്നാർ: ബിരുദ പഠനത്തിനിടയിൽ വന്നുചേർന്ന അവധിക്കാലം വീണ്ടുമൊരു ഇംഗ്ലീഷ് കവിതാ സമാഹാരം പുറത്തിറക്കുന്നതിനുള്ള പണിപ്പുരയിലാണ് മാന്നാർ പഞ്ചായത്ത് കുട്ടമ്പേരൂർ പുത്തൻ ബംഗ്ലാവിൽ നിസാം–ഹസീന ദമ്പതികളുടെ മകളായ ഫാത്തിമ മുഹമ്മദ് നിസാം. പ്ലസ്ടു പഠനകാലത്താണ് തന്റെ ആദ്യ കവിത സമാഹാരമായ 'ആഷസ് ടു ഫയർ' പ്രസിദ്ധീകരിച്ചത്.
മൂന്ന് വർഷത്തിനുള്ളിൽ എഴുതിത്തീർത്ത മുന്നൂറോളം ഇംഗ്ലീഷ് കവിതകളിൽ നിന്ന് തെരഞ്ഞെടുത്ത 75 കവിതകളുടെ സമാഹാരമായിരുന്നു ആഷസ് ടു ഫയർ. 2021 ഒക്ടോബറിൽ മന്ത്രി സജി ചെറിയാനായിരുന്നു ആഷസ് റ്റു ഫയർ പ്രകാശനം ചെയ്തത്. പ്ലസ്ടു പഠന ശേഷം കോഴിക്കോട് കാരന്തൂർ മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എസ് സി സൈക്കോളജിക്ക് ചേർന്ന ഫാത്തിമ തന്റെ കവിതാ രചന തുടർന്നു. 2022 -23 കോളേജ് സ്റ്റുഡന്റസ് എഡിറ്റർ കൂടിയായ ഫാത്തിമയുടെ കവിത രചനക്ക് കോളേജ് പ്രിൻസിപ്പൽ ഉമറുൽ ഫാറൂഖ് ഉൾപ്പെടെയുള്ള അദ്ധ്യാപകരും സഹപാഠികളും നൽകിയ പിന്തുണയാണ് രണ്ടാമതൊരു കവിത സമാഹാരം പുറത്തിറക്കാനുള്ള ഫാത്തിമയുടെ ശ്രമങ്ങൾക്കു പിന്നിൽ. അവധി ദിനങ്ങളിൽ ഫാത്തിമയുടെ തൂലികത്തുമ്പിൽ നിന്നും മുപ്പതോളം ഇംഗ്ലീഷ് കവിതകളാണ് പിറന്നത്.
ഷാർജയിൽ ജനിച്ചു വളർന്ന ഫാത്തിമ മുഹമ്മദ് നിസാം 10-ാം ക്ലാസുവരെ ഷാർജ അൽഅമീർ ഇംഗ്ലീഷ് സ്കൂളിലായിരുന്നു പഠനം. ഇംഗ്ലീഷ് നോവലുകളോടും കഥകളോടും ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. ഒമ്പതാം ക്ലാസ് പഠനത്തിനിടെ സ്കൂൾ മാഗസിനുവേണ്ടി ആദ്യകവിത എഴുതി. ഇതേ സ്കൂളിൽ അധ്യാപികയായിരുന്ന മാതാവ് ഹസീനയും ഷാർജയിൽ സിവിൽ എൻജിനീയറായ പിതാവ് നിസാമും മകളുടെ കവിതാ രചനക്ക് ആവശ്യമായ പ്രോത്സാഹനം നൽകി. മക്കളുടെ ഉപരിപഠനാർത്ഥം ഉമ്മയും മക്കളും നാട്ടിലേക്കെത്തുകയായിരുന്നു. പരുമല സിൻഡസ്മോസ് പബ്ലിക് സ്കൂളിലായിരുന്നു ഫാത്തിമയുടെ പ്ലസ്ടു പഠനം. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുവാൻ ഫാത്തിമക്ക് കഴിഞ്ഞു. തുടർന്ന് കോഴിക്കോട് കാരന്തൂർ മർക്കസ് കോളേജിൽ ബി എസ് സി സൈക്കോളജിക്ക് ചേർന്നു. സഹോദരി ഫാബി മുഹമ്മദ് നിസാം ഇത്തവണ സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ ഹ്യുമാനിറ്റീസിൽ ഫുൾ എ വണ്‍ നേടി മാവേലിക്കര വിദ്യാദിരാജാ വിദ്യാപീഠം സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. മൂത്ത സഹോദരൻ ഹിഷാം മുഹമ്മദ് നിസാം ഷാർജയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. മൂന്നു മാസത്തിനുള്ളിൽ തന്റെ രണ്ടാമത്തെ കവിതാ സമാഹാരം പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് ഫാത്തിമ.
