ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതീയത വംശീയതയുടെ മറ്റൊരു രൂപമാണെന്ന് പ്രശസ്ത  ഫെമിനിസ്റ്റ് എഴുത്തുകാരി ഡോ. ഇര്‍മ മക് ക്ലൗറിന്‍. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വംശീയാധിക്ഷേപങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കല്‍ മാധ്യമങ്ങളിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. വ്യത്യസ്തമായ രൂപങ്ങളിലൂടെയാണ് പല രാജ്യങ്ങളിലും വംശീയത രൂപപ്പെടുന്നത്. 

തൃശൂര്‍: ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതീയത വംശീയതയുടെ മറ്റൊരു രൂപമാണെന്ന് പ്രശസ്ത ഫെമിനിസ്റ്റ് എഴുത്തുകാരി ഡോ. ഇര്‍മ മക് ക്ലൗറിന്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വംശീയാധിക്ഷേപങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കല്‍ മാധ്യമങ്ങളിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. വ്യത്യസ്തമായ രൂപങ്ങളിലൂടെയാണ് പല രാജ്യങ്ങളിലും വംശീയത രൂപപ്പെടുന്നത്. ഇന്ത്യയില്‍ എത്ര ദളിത് മാധ്യമപ്രവര്‍ത്തകരുണ്ടെന്നും ദളിത് സമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഉണ്ടോയെന്നും ഡോ. ഇര്‍മ ചോദിച്ചു. 

വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ സമസ്ത മേഖലകളിലും അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ വിവേചനം അനുഭവിക്കുന്നുണ്ട്. അമേരിക്കയില്‍ വെളുത്ത സ്ത്രീകളും കറുത്ത സ്ത്രീകളും ദരിദ്രരായ സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങള്‍ പോലും വ്യത്യസ്തമാണ്. അത്തരമൊരു സാഹചര്യത്തിലാണ് ബ്ലാക്ക് ഫെമിനിസം രൂപംകൊള്ളുന്നത്. കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്കായി ബ്ലാക്ക് വുമന്‍ ആര്‍ക്കൈവ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് താനെന്നും അവര്‍ പറഞ്ഞു. 

പ്രസിഡന്റ് പദവിയില്‍ ഡൊണാള്‍ഡ് ട്രംപാണോ, ബാരക് ഒബാമയാണോ എന്നതൊന്നും അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരെ ബാധിക്കുന്നില്ല. തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെങ്കില്‍ തങ്ങള്‍ തന്നെ പോരാടേണ്ട സാഹചര്യമാണ് അവിടെയുള്ളത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ജനാധിപത്യവത്ക്കരിച്ചതായും ഡോ. ഇര്‍മ അഭിപ്രായപ്പെട്ടു.

അതേസമയം തെറ്റായ വിവരങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ നീതിപൂര്‍വ്വം അവ കൈകാര്യം ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദി ഹിന്ദു കറസ്പോണ്ടന്റ് മിനി മുരിങ്ങാത്തേരി മോഡറേറ്ററായിരുന്നു. പ്രസ് ക്ലബ്ബിന്റെ ഉപഹാരം പ്രസിഡന്റ് കെ. പ്രഭാത് ഇര്‍മയ്ക്ക് സമ്മാനിച്ചു. സെക്രട്ടറി എം.വി വിനീത സ്വാഗതം പറഞ്ഞു.