വയനാട്: പ്രളയാനന്തരം മൊറട്ടോറിയം ആനുകൂല്യങ്ങള്‍ കർഷകരിലേക്കെത്തിക്കാന്‍ സാമ്പത്തിക സാക്ഷരതാ യ‍ജ്ഞവുമായി സർക്കാർ. മൊറട്ടോറിയത്തിന്റെ ഗുണഫലം ലഭിക്കുന്നതിന് വായ്പാ പുനക്രമീകരണം വേണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കർഷകരിലെത്തിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ബോധവല്‍ക്കരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാർ നിർവഹിച്ചു.

പ്രളയബാധിത വില്ലേജുകളിലെ ബാങ്കു വായ്പകള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട മൊറട്ടോറിയം ആനുകൂല്യം മുഴുവനാളുകളിലേക്കും എത്തിക്കുന്നതിനുളള നടപടികളുടെ ഭാഗമായാണ് സാമ്പത്തിക സാക്ഷരതാ യജ്ഞം സർക്കാർ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം വായ്പാ പുനക്രമീകരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കാന്‍ സാധിച്ചില്ല. ഇത് ഏറെ കർഷകരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ കാരണമായി. 
കഴിഞ്ഞ വർഷം പത്ത് ശതമാനം വായ്പകൾ മാത്രമാണ് പുനക്രമീകരിച്ചത്. മൊറട്ടോറിയം ആനുകൂല്യം ലഭിക്കാന്‍ വായ്പാ പുനക്രമീകരണം അനിവാര്യമാണ്. പുനക്രമീകരിക്കാത്ത വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

ജില്ലാ അടിസ്ഥാനത്തില്‍ സമതികളിലൂടെ ബോധവല്‍ക്കരണം നടത്തും. മുഴുവന്‍ കാർഷിക വിളകള്‍ക്കും സർക്കാറിന്‍റെ വിള ഇന്‍ഷൂറന്‍സ് ഉറപ്പാക്കണമെന്നും, കിസാന്‍ ക്രെഡിറ്റ് കാർ‍ഡ് എല്ലാ കർഷകർക്കും ഉറപ്പാക്കുമെന്നും മന്ത്രി പറ‍ഞ്ഞു. ഇത്തവണയും വയനാട്ടില്‍ എല്ലാ വില്ലേജുകളും പ്രളയബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. വായപയെടുത്തവരെയെല്ലാം പുനക്രമീകരണവുമായും മൊറട്ടോറിയവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ഇതിനായി സംസ്ഥാനം മുഴുവന്‍ ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേകം സമിതികള്‍ രൂപീകരിച്ചതായും കൃഷിമന്ത്രി കൂട്ടിച്ചേർത്തു.