ഒട്ടേറെ പ്രതീക്ഷകളുമായി കുവൈത്തിലേക്ക് യാത്രയായ ഈ യുവാവിന്റെ മരണ വാര്‍ത്തയാണ് ഒരാഴ്ചയെത്തും മുന്നേ വീട്ടുകാര്‍ അറിഞ്ഞത്.

തൃശൂര്‍: ചാവക്കാട് പാലയൂരിലെ ഒറ്റമുറി വീട് ബാക്കിയാക്കി യാത്രയായി ബിനോയ് തോമസ് (44) എന്ന ചെറുപ്പക്കാരന്‍. ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ എത്തിയ ബിനോയിയെ കാത്തിരുന്നത് മരണമായിരുന്നു. 

ബിനോയ് തോമസും കുടുംബവും പാവറട്ടിയില്‍ ഏഴു വര്‍ഷം വാടകയ്ക്കാണ് ആദ്യം താമസിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. പാവറട്ടിയില്‍ ഒരു ചെരുപ്പ് കടയിലെ ജീവനക്കാരനായിരുന്നു. കുറെ കഷ്ടപ്പെട്ട് കുറച്ചു പണം സ്വരൂപിച്ചാണ് പാലയൂര്‍ കൊച്ചി പാടത്ത് മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കിയത്. ഒരു കുഞ്ഞുവീട് നിര്‍മ്മിക്കണമെന്നതായിരുന്നു ബിനോയിയുടെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹം. വാങ്ങിയ പറമ്പില്‍ ഷീറ്റ് മേഞ്ഞ ഒരു താല്‍ക്കാലിക ഷെഡിലാണ് ബിനോയിയും ഭാര്യ ജിനിതയും മക്കളായ ആദിയും ഇയാനും ഉള്‍പ്പെടെയുള്ള കുടുംബം കഴിഞ്ഞിരുന്നത്. ഷെഡിന് കെട്ടിട നമ്പര്‍ കിട്ടിയത് അടുത്തിടെയാണ്. കഴിഞ്ഞ ഏതാനും ആഴ്ച മുമ്പാണ് ഷെഡില്‍ വൈദ്യുതി കണക്ഷന്‍ പോലും ലഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

പി.എം.എ.വൈ പദ്ധതിയില്‍ ആരംഭിച്ച വീടിന്റെ നിര്‍മാണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഷെഡ് മാറ്റി വീട് പണിയാനുള്ള പണം കണ്ടെത്താനാണ് പാവറട്ടിയിലെ ഫുട്‌വെയര്‍ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് ബിനോയ് തോമസ് കുവൈത്തിലേക്ക് പോയത്. ഒട്ടേറെ പ്രതീക്ഷകളുമായി കുവൈത്തിലേക്ക് യാത്രയായ ഈ യുവാവിന്റെ മരണ വാര്‍ത്തയാണ് ഒരാഴ്ചയെത്തും മുന്നേ വീട്ടുകാര്‍ അറിഞ്ഞത്. ജൂണ്‍ അഞ്ചിന് രാത്രിയാണ് ബിനോയി കുവൈത്തിലേക്ക് പോയത്.

കുവൈത്തിലെ അപകടത്തെ കുറിച്ച് അറിഞ്ഞെങ്കിലും ബിനോയ് അതില്‍ ഉള്‍പ്പെട്ടിരിക്കില്ലെന്നാണ് കുടുംബം കരുതിയിരുന്നത്. കാരണം ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ടരവരെ ബിനോയ് ഭാര്യ ജിനിതയുമായി ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഫോണ്‍ റിങ്ങ് ചെയ്യുക മാത്രമേ ഉണ്ടായിരുന്നുള്ളു. എന്‍.ബി.ടി.സി കമ്പനിയുടെ ഹൈവേ സെന്റര്‍ എന്ന സ്ഥാപനത്തില്‍ സെയില്‍സ്മാനായാണ് ബിനോയ് കുവൈത്തില്‍ എത്തിയത്. താമസം ചാവക്കാട് പാലയൂരിലാണെങ്കിലും തിരുവല്ലയിലെ ബന്ധങ്ങള്‍ വിട്ടിരുന്നില്ല. തിരുവല്ലയിലെ സുഹൃത്ത് സാബു വഴിയാണ് ജോലി ശരിയാക്കിയത്. തിരുവല്ല തോപ്പില്‍ ബാബു തോമസിന്റെയും മോളി (അന്നമ്മ) തോമസിന്റെയും മകനാണ് ബിനോയ് തോമസ്. ഭാര്യ: ജിനിത. മക്കള്‍: ആദി, ഇയാന്‍.

മലയാളി പ്രവാസികള്‍ 22 ലക്ഷം; '2023ല്‍ നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ'

YouTube video player