മാവേലിക്കര: പ്രളയ ദുരന്തത്തിൽപ്പെട്ട കുടുംബത്തിന്‍റെ താത്കാലിക വീട് കത്തി നശിച്ചു. ചെട്ടികുളങ്ങര മറ്റം തെക്ക് മങ്ങാട്ട് കോളനിയില്‍ മഞ്ഞിപ്പുഴ ചിറയില്‍ കൃഷ്ണന്‍റെയും ലീലയുടെയും വീടാണ് കത്തിനശിച്ചത്. ഇവരുടെ മരുമകൾ ശാരിക്ക് പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്നാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. 

വീട് നിര്‍മ്മാണാവശ്യത്തിനായി കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നെടുത്ത ഒരു ലക്ഷം രൂപയുൾപ്പെടെ കത്തിനശിച്ചു, കടംവാങ്ങിയും മറ്റും സൂക്ഷിച്ചിരുന്ന പണവും രണ്ട് ലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങളും വസ്തുവിന്‍റെ പ്രമാണവും മറ്റു രേഖകളും വസ്ത്രങ്ങളും കത്തിനശിച്ചു. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്, ബേസ്മെന്‍റ് പൂര്‍ത്തിയാക്കിയ വീടിന്‍റെ സമീപമാണ് താത്കാലിക വീട്.  നിർമ്മാണത്തിലുള്ള വീടിന്‍റെ കട്ടിള വെയ്പ് ചടങ്ങുകള്‍ നടത്തുന്നതിന് തൊട്ടു മുൻപാണ് ദുരന്തമുണ്ടായത്. ശാരി മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 

തിങ്കളാഴ്ച ഏജന്‍സിയില്‍ നിന്നും എത്തിച്ച സിലിണ്ടറില്‍ നിന്നാണ് തീ പിടിച്ചത്. സിലിണ്ടറും റെഗുലേറ്ററും രണ്ട് കമ്പനികളുടേതാണെന്നും റെഗുലേറ്റര്‍ തകരാറിലായിരുന്നതിനാലാണ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്ക് ചെയ്തതെന്നും വീട്ടുകാർ പറഞ്ഞു. വീടിന് പുറത്ത് കൂട്ടിയ അടുപ്പില്‍ നിന്നും പറന്ന് വീണ തീപ്പൊരിയില്‍ നിന്നാണ് സിലിണ്ടറിന് തീപിടിച്ചത്. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.