നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലെല്ലാമെത്തിയ പുക നാളെ വൈകീട്ടോടെ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികൾ എസി ഉപയോഗിക്കരുതെന്ന്  നിർദ്ദേശം

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പതിനേഴ് മണിക്കൂര് നീണ്ട പരിശ്രമങ്ങൾക്ക് ശേഷം ആണ് പുക നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചത്. അതേ സമയം തീപിടുത്തം അട്ടിമറിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി മേയർ രംഗത്തെത്തി. അട്ടിമറി സാധ്യത പരിഗണിച്ച് തൃക്കാക്കര പൊലീസ് സംഭവത്തിൽ കേസെടുത്തു.

വൈറ്റില, പേട്ട, പനമ്പിള്ളി , തുടങ്ങി നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലെല്ലാമെത്തിയ പുക നാളെ വൈകീട്ടോടെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികൾ എസി ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടര്‍ നിർദ്ദേശം നല്‍കി. 

സ്ഥിതി ഗുരുതരമെന്ന് ഹരിത ട്രിബ്യൂണൽ മേൽനോട്ട സമിതിയും അഭിപ്രായപ്പെട്ടു. 2 മാസത്തിനിടെ നാലാം തവണയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടുത്തമുണ്ടാകുന്നത്. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് കൊച്ചി മേയർ സൗമിനി ജെയിന്‍ ആരോപിച്ചു. തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും കൊച്ചി കോര്‍പ്പറേഷന്‍ ആരോപിക്കുന്നുണ്ട്.